അപകീര്‍ത്തികരമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു; 100 കോടി നഷ്ടപരിഹാരം നല്‍കണം ,ജനം ടിവിക്കെതിരെ നോട്ടീസ് അയച്ച് ദ ന്യൂഇന്ത്യന്‍ എക്‌സ്പ്രസ്

അപകീര്‍ത്തികരമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ജനം ടിവിക്കെതിരെ നിയമനടപടിയുമായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്.എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഈ അപകീര്‍ത്തികരമായ ഉള്ളടക്കം നീക്കം ചെയ്യണമെന്നും,

 

30 ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ പറയുന്നു.

കൊച്ചി: അപകീര്‍ത്തികരമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ജനം ടിവിക്കെതിരെ നിയമനടപടിയുമായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്.എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഈ അപകീര്‍ത്തികരമായ ഉള്ളടക്കം നീക്കം ചെയ്യണമെന്നും, സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ തിരുത്ത് നല്‍കണമെന്നും, പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 100 കോടി നഷ്ടപരിഹാരമായി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു

സെപ്റ്റംബര്‍ 29-ന് ജനം ടിവി സംപ്രേഷണം ചെയ്ത വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് എക്‌സ്പ്രസ് പബ്ലിക്കേഷന്‍സ് (മധുര) പ്രൈവറ്റ് ലിമിറ്റഡ് ജനം ടിവിക്കെതിരെ നോട്ടീസ് അയച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനായി ദ ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങള്‍ കൈപ്പറ്റി എന്നായിരുന്നു ജനം ടിവി പ്രസിദ്ധീകരിച്ച വാര്‍ത്ത.

എക്‌സ്പ്രസ് പബ്ലിക്കേഷന്‍സ് (മധുര) പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒ ലക്ഷ്മി മേനോനാണ് നോട്ടീസ് അയച്ചത്.ജനം ടിവി സംപ്രേഷണം ചെയ്ത തരത്തിലുള്ള യാതൊരു റിപ്പോര്‍ട്ടും ദ ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും, സ്ഥാപനത്തിന്റെ പേരിനും പ്രശസ്തിക്കും കളങ്കം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വാര്‍ത്ത നല്‍കിയതെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

യാതൊരു സ്ഥിരീകരണവുമില്ലാതെ സംപ്രേഷണം ചെയ്ത ഈ വാര്‍ത്ത പത്രത്തിന്റെ വിശ്വസനീയതയ്ക്ക് കളങ്കമുണ്ടാക്കി, ഈ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും, വായനക്കാരുടെ പരാതികള്‍ക്കും കാരണമാവുകയും ചെയ്‌തെന്നും നോട്ടീസില്‍ പറയുന്നു.30 ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ പറയുന്നു.