സംസ്ഥാനത്തെ 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് ബോണസ് അനുവദിക്കാന്‍ തീരുമാനം

മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്നും പിന്മാറുന്നതായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

 

108 ആംബുലന്‍സ് സേവനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തില്‍ ജീവനക്കാര്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെ സംസ്ഥാന സര്‍ക്കാര്‍ വിലമതിക്കുന്നതായി മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.

സംസ്ഥാനത്തെ 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ് അനുവദിക്കാന്‍ തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കീഴില്‍ കോണ്‍ട്രാക്ടായി പ്രവര്‍ത്തിക്കുന്ന ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കും.


സെക്രട്ടേറിയറ്റില്‍ തൊഴില്‍ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അധികൃതരും സര്‍വീസ് കോണ്‍ട്രാക്ടറായ ഇ എം ആര്‍ ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ബോണസ് വിഷയത്തില്‍ സമവായത്തിലെത്തിയത്. ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും ഒപ്പു വച്ചു.

108 ആംബുലന്‍സ് സേവനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തില്‍ ജീവനക്കാര്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെ സംസ്ഥാന സര്‍ക്കാര്‍ വിലമതിക്കുന്നതായി മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. പൊതുജനങ്ങളുടെ ജീവനും ആരോഗ്യത്തിനും പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കാന്‍ തൊഴിലാളികള്‍ക്കും മാനേജ്മെന്റിനും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്നും പിന്മാറുന്നതായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.