എം എം ലോറന്‍സിന്റെ മൃതദേഹം സംബന്ധിച്ച തീരുമാനം; അഡൈ്വസറി കമ്മിറ്റിക്ക് രൂപം നല്‍കി കളമശേരി മെഡിക്കല്‍ കോളേജ്

കുടുംബത്തോട്  കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപെടുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്.
 

അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം സംബന്ധിച്ച തീരുമാനമെടുക്കാന്‍ അഡൈ്വസറി കമ്മിറ്റിക്ക് രൂപം നല്‍കിയതായി കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ പ്രതാപ് സോമനാഥ്. പ്രിന്‍സിപ്പല്‍, ഫോറന്‍സിക്ക് വിഭാഗം മേധാവി, അനാട്ടമി മേധാവി, സൂപ്രണ്ട്, വിദ്യാര്‍ത്ഥി പ്രതിനിധി എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.

കുടുംബത്തോട്  കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപെടുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. മതാചാരപ്രകാരം സംസ്‌കരിക്കണോ, പഠിനാവശ്യത്തിന് കൈമാറണോ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കഴിഞ്ഞ ദിവസം പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിന് കൈമാറാനായിരുന്നു തീരുമാനം. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന കാര്യം പിതാവ് തങ്ങളോട് പറഞ്ഞിട്ടില്ലെന്നാരോപിച്ചാണ് ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം ആവശ്യമാണെന്നും ആശ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ വൈദ്യപഠനത്തിന് നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കോടതി ഇടപെട്ട് ഇത് തടയണമെന്നും ആശാ ലോറന്‍സ് ആവശ്യപ്പെട്ടു. അതേസമയം ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നായിരുന്നു സഹോദരന്‍ സജീവന്റെ ആരോപണം.