വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം ; കുഞ്ഞിന് അസുഖമുണ്ടെന്ന് അമ്മ വിശ്വസിച്ചിരുന്നതായി പൊലീസ് , അശ്വതിക്ക് മാനസിക പ്രശ്നങ്ങളെന്നും സൂചന
വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിന് അസുഖമുണ്ടെന്ന് അമ്മ വിശ്വസിച്ചിരുന്നു. അശ്വതി മാനസിക പ്രശ്നങ്ങൾ നേരിടുന്നതായാണ് പൊലീസ് പറയുന്നത്. കൊലപാതകശേഷം അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്.
തിരുവനന്തപുരം: വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിന് അസുഖമുണ്ടെന്ന് അമ്മ വിശ്വസിച്ചിരുന്നു. അശ്വതി മാനസിക പ്രശ്നങ്ങൾ നേരിടുന്നതായാണ് പൊലീസ് പറയുന്നത്. കൊലപാതകശേഷം അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്.
കഴിഞ്ഞ ദിവസമാണ് ഒരു വയസ്സുകാരിയെ അശ്വതിയുടെ വീട്ടിൽ അനക്കമറ്റ നിലയിൽ കണ്ടത്. അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞെത്തിയപ്പോൾ കുഞ്ഞിനെ തറയിൽ പായയിൽ കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടി ഉറങ്ങുകയാണെന്നായിരുന്നു ഇവർ ആദ്യം കരുതിയത്. പിന്നീട് കുഞ്ഞിനെ തട്ടിവിളിച്ചിട്ടും എഴുന്നേൽക്കാതായതോടെ അശ്വതിയുടെ അമ്മ കുഞ്ഞിനെ എടുക്കുകയും ഇതിനിടെ കുട്ടിയെ കൊന്നു എന്ന് അശ്വതി പറഞ്ഞു എന്നാണ് അമ്മ മൊഴി നൽകിയിരിക്കുന്നത്.
ഉടൻ തന്നെ കുഞ്ഞിനെ കാരേറ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് വെഞ്ഞാറമൂട് പൊലിസ് അശ്വതിയെ കസ്റ്റഡിയിലെടുത്തിരുന്നു.