നെയ്യാറ്റിൻകരയിലെ  ഒരുവയസ്സുകാരന്റെ  മരണം: അച്ഛനെ 18 മണിക്കൂർ ചോദ്യംചെയ്ത് വിട്ടയച്ചു,അമ്മയെ വീണ്ടുംവിളിച്ചുവരുത്തി ചോദ്യംചെയ്തു

നെയ്യാറ്റിൻകരയിൽ ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ചതിനുശേഷം ഒരുവയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത അച്ഛനെ 18 മണിക്കൂർ ചോദ്യംചെയ്തശേഷം വിട്ടയച്ചു. അതിനിടെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തശേഷം വിട്ടയച്ച കുട്ടിയുടെ അമ്മയെ വീണ്ടും പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു.

 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ചതിനുശേഷം ഒരുവയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത അച്ഛനെ 18 മണിക്കൂർ ചോദ്യംചെയ്തശേഷം വിട്ടയച്ചു. അതിനിടെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തശേഷം വിട്ടയച്ച കുട്ടിയുടെ അമ്മയെ വീണ്ടും പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു. കുട്ടിയുടെ മരണത്തിൽ അച്ഛനെയും അമ്മയെയും ചോദ്യംചെയ്തെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയാത്തതിനാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടി എടുക്കാമെന്ന നിലപാടിലാണ് പോലീസ്.

കവളാകുളം ഐക്കരവിളവീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകൻ ഒരുവയസ്സുകാരൻ ഇഹാനാണ് വെള്ളിയാഴ്ച രാത്രി 9.30-ന് വീട്ടിൽവെച്ച് അച്ഛൻ നൽകിയ ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ചശേഷം അച്ഛന്റെ മടിയിൽ കുഴഞ്ഞുവീണ് മരിച്ചത്.
പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫൊറൻസിക് സർജൻ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഷിജിലിനെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. അമ്മ കൃഷ്ണപ്രിയയെയും വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. ശനിയാഴ്ച രാത്രിയോടെ കൃഷ്ണപ്രിയയെ ചോദ്യംചെയ്തശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഷിജിലിനെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിൽവെച്ചു.

ചോദ്യംചെയ്യലിൽ ഷിജിലിന്റെ മൊഴിയിൽനിന്നു സംശയകരമായ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെ ബന്ധുക്കളെ വിളിച്ചുവരുത്തിയശേഷം ഷിജിലിനെ പോലീസ് വിട്ടയക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ തുടർനടപടികളിലേക്ക്‌ പോലീസിനു കടക്കാനാകൂ. തെളിവില്ലാതെ 24 മണിക്കൂറിൽ കൂടുതൽ കസ്റ്റഡിൽ സൂക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഷിജിലിനെ ഞായറാഴ്ച ഉച്ചയോടെ പോലീസ് വിട്ടയച്ചത്.

ഷിജിൽ, കൃഷ്ണപ്രിയ ദമ്പതിമാർക്ക് ഇഹാൻ ജനിച്ചതിനുശേഷം ഇരുവരും പിണക്കത്തിലായി. രണ്ടുമാസത്തിനുശേഷമാണ് ഇരുവരും ബന്ധുക്കളുടെ സാന്നിധ്യത്തിൽ വീണ്ടും ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചത്. കവളാകുളത്ത് വാടകവീടെടുത്ത് താമസിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി ഷിജിൽ ജോലികഴിഞ്ഞു മടങ്ങിവരുമ്പോൾ ഇഹാന് നൽകാനായി ബിസ്‌ക്കറ്റും മുന്തിരിയും വാങ്ങി വന്നിരുന്നു. ഇത് ഇഹാനുനൽകിയതിനുശേഷമാണ് കുഴഞ്ഞുവീണത്. തുടർന്ന് കുട്ടിയെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആദ്യം പോലീസ് ഭക്ഷ്യവിഷബാധയായിരിക്കാം മരണകാരണമെന്നു ധരിച്ചെങ്കിലും ഇഹാന്റെ വലതുകൈയിൽ പൊട്ടലുണ്ടായതിനെത്തുടർന്ന് പ്ലാസ്റ്റർ ഇട്ടിരുന്നതു സംബന്ധിച്ച് സംശയമുണ്ടായി. തുടർന്നാണ് ഷിജിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.