മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് മുസ്ലീം ലീഗ്; കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ഡിസിസി

പഞ്ചായത്ത് പ്രസിഡന്റ് പദവി മുന്നണി ധാരണപ്രകാരം കൈമാറാത്തതുമായി ബന്ധപ്പെട്ട് കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ തര്‍ക്കം. പ്രസിഡന്റ് പദവി കൈമാറാന്‍ തയ്യാറായില്ലെങ്കിൽ മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു.

 

കോഴിക്കോട്: പഞ്ചായത്ത് പ്രസിഡന്റ് പദവി മുന്നണി ധാരണപ്രകാരം കൈമാറാത്തതുമായി ബന്ധപ്പെട്ട് കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ തര്‍ക്കം. പ്രസിഡന്റ് പദവി കൈമാറാന്‍ തയ്യാറായില്ലെങ്കിൽ മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു. ഇതിനു പിന്നാലെ നിലവിലെ പ്രസിഡന്റായ കോണ്‍ഗ്രസിന്റെ പോളി കാരക്കടയോട് സ്ഥാനം രാജിവയ്ക്കാൻ ഡിസിസി ആവശ്യപ്പെട്ടു. 

എന്നാല്‍ രാജിവെക്കില്ലെന്ന തീരുമാനത്തില്‍ തന്നെയാണ് പോളി കാരക്കട. രാജിക്ക് തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനം ആദ്യ നാല് വര്‍ഷം കോണ്‍ഗ്രസിനും അവസാന വര്‍ഷം ലീഗിനും എന്നായിരുന്നു മുന്നണി ധാരണ.