ആ വിളി എനിക്കും ദാസേട്ടനും മാത്രം: ‘ലാലേട്ടൻ വിളിയെക്കുറിച്ച്  മോഹൻലാൽ

സിനിമയിൽ 48-ാം വർഷത്തിൽ എത്തിനിൽക്കുമ്പോഴും  ഒരു ചിത്രത്തിന് ആദ്യഷോട്ടിനായി തയ്യാറെടുക്കുമ്പോൾ ചെറിയ പരിഭ്രമം ഉണ്ടാവാറുണ്ടെന്ന് നടൻ മോഹൻലാൽ. പ്രായത്തിന് അതീതമായി മലയാളികൾ തന്നെ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്. കേരളത്തിൽ അത്തരമൊരു പരിഗണന തനിക്കും ഗായകൻ കെ.ജെ. യേശുദാസിനും മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു.
 


സിനിമയിൽ 48-ാം വർഷത്തിൽ എത്തിനിൽക്കുമ്പോഴും  ഒരു ചിത്രത്തിന് ആദ്യഷോട്ടിനായി തയ്യാറെടുക്കുമ്പോൾ ചെറിയ പരിഭ്രമം ഉണ്ടാവാറുണ്ടെന്ന് നടൻ മോഹൻലാൽ. പ്രായത്തിന് അതീതമായി മലയാളികൾ തന്നെ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്. കേരളത്തിൽ അത്തരമൊരു പരിഗണന തനിക്കും ഗായകൻ കെ.ജെ. യേശുദാസിനും മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും മോഹൻലാൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ മൈ ജിഒവി ഇന്ത്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മനസുതുറന്നത്.


'പ്രായത്തിന് അതീതമായി കേരളത്തിലെ കൂടുതൽപ്പേരും എന്നെ ലാലേട്ടൻ എന്നാണ് വിളിക്കുന്നത്. ഞങ്ങളുടെ ആളുകളിൽനിന്ന് അങ്ങനെയൊരു പ്രിവിലേജ് എനിക്കും ദാസേട്ടനും മാത്രമേ ലഭിച്ചിട്ടുള്ളൂ. സിനിമയിൽ എന്റെ 48-ാം വർഷമാണ്. ഇന്നും പുതിയ ചിത്രത്തിന്റെ ആദ്യഷോട്ടിന് മുമ്പ് എനിക്ക് ചെറിയ പരിഭ്രമമുണ്ടാവും.'

'അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ലോ സെക്രട്ടറിയായാണ് അദ്ദേഹം വിരമിച്ചത്. രണ്ടു മക്കളായിരുന്നു. സഹോദരൻ ജീവിച്ചിരിപ്പില്ല. അമ്മയും അച്ഛനും ജീവിച്ചിരിപ്പില്ല. ഞാൻ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. സാധാരണ കുട്ടിക്കാലമായിരുന്നു എന്റേത്. സമ്മർദങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. മികച്ച നടനുള്ള സമ്മാനം കിട്ടി. 90 വയസ്സുള്ള വൃദ്ധന്റെ വേഷമായിരുന്നു ചെയ്തത്. പത്താം ക്ലാസിലും കോളേജിലും മികച്ച നടനായി. ഡിഗ്രി പൂർത്തിയാക്കിയ ശേഷം ഇഷ്ടമുള്ളത് ചെയ്‌തോ എന്നായിരുന്നു അച്ഛൻ പറഞ്ഞത്. അത്രയും സ്വാതന്ത്ര്യം ലഭിച്ചിരുന്നു.' അദ്ദേഹം ഓർത്തെടുത്തു.

അഭിമുഖത്തിലെ മോഹൻലാലിന്റെ മോദി പ്രശംസ ചർച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാർഥ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമാണെന്നായിരുന്നു മോഹൻലാൽ അഭിപ്രായപ്പെട്ടത്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം പ്രചോദിപ്പിക്കുന്നതാണ്. വാക്കിനേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മോദിയെന്നും മോഹൻലാൽ പറഞ്ഞു.