'മുറസു' ചുഴലിക്കാറ്റ് കരതൊടുന്നു: കേരളത്തിൽ വെള്ളി വരെ കനത്ത മഴ മുന്നറിയിപ്പ്

മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'മുറസു' ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെയോടെ തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് കരതൊടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ നെല്ലൂരിനും നരസാപുരത്തിനും ഇടയിലൂടെയാകും ചുഴലിക്കാറ്റ് കടന്നുപോകുക. ഇതിന്റെ സ്വാധീനഫലമായും അറബിക്കടലിലും തെക്കൻ കേരളത്തിന് മുകളിലും നിലനിൽക്കുന്ന ചക്രവാതച്ചുഴികളുടെ ഫലമായും സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരും.

 

തിരുവനന്തപുരം: മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'മുറസു' ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെയോടെ തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് കരതൊടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ നെല്ലൂരിനും നരസാപുരത്തിനും ഇടയിലൂടെയാകും ചുഴലിക്കാറ്റ് കടന്നുപോകുക. ഇതിന്റെ സ്വാധീനഫലമായും അറബിക്കടലിലും തെക്കൻ കേരളത്തിന് മുകളിലും നിലനിൽക്കുന്ന ചക്രവാതച്ചുഴികളുടെ ഫലമായും സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരും.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് നേരിയ ശമനമുണ്ടാകുമെങ്കിലും വെള്ളിയാഴ്ചയോടെ മഴ വീണ്ടും ശക്തമാകും. വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു