മോഖ ചുഴലിക്കാറ്റ് കരതൊട്ടു; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പു നല്‍കി.
 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശിനും മ്യാന്മറിനും ഇടയില്‍ കരതൊട്ടു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു.ഇരു രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത് കനത്ത നാശനഷ്ടം.സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പു നല്‍കി.
സൂപ്പര്‍ സൈക്ലോണായി ശക്തി പ്രാപിച്ച മോഖ ചുഴലിക്കാറ്റ് ഉച്ചയോടെയാണ് മ്യാന്മാറിന്റെ വടക്ക് പടിഞ്ഞാറു തീരത്ത് കൂടി കരയില്‍ പ്രവേശിക്കാന്‍ തുടങ്ങിയത്. കര തൊടുമ്പോള്‍ മോഖ ചുഴലിക്കാറ്റിന് മണിക്കൂറില്‍ 210 മുതല്‍ 265 കിലോമീറ്റര്‍ വരെ വേഗത. മൂന്നരയോടെ മോഖ പൂര്‍ണമായും കരയില്‍ പ്രവേശിച്ചു. മോഖ മണിക്കൂറില്‍ 278 കിലോമീറ്റര്‍ വരെ വരെ വേഗത കൈവരിച്ചു എന്ന് അമേരിക്കന്‍ ഏജന്‍സി ജെടിഡബ്ല്യുസി വ്യക്തമാക്കി.
ചുഴലിക്കാറ്റിന്റെ സഞ്ചാര പാത ഉള്‍പ്പെടുന്ന കര പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാകുന്നത്.