പസഫിക് മഹാസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റ് ; കേരളത്തിൽ അടുത്ത മൂന്ന് ദിവസം കൂടി മഴ കനക്കും

 സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പസഫിക് മഹാസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെയും തെക്കൻ തമിഴ്നാട് തീരത്തെ
 

 സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ കനക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പസഫിക് മഹാസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെയും തെക്കൻ തമിഴ്നാട് തീരത്തെ ചക്രവാത ചുഴിയുടെയും സംയുക്ത സ്വാധീനഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളത്. മലയോര മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധ മഴമുന്നറിയിപ്പുകൾ തുടരും.

കനത്ത മഴക്കെടുതികളിൽ ഇതുവരെ സംസ്ഥാനത്ത് 26 പേർ ജീവൻ നഷ്ടപ്പെട്ടു. ദുരിതബാധിതർക്കായി സംസ്ഥാനത്തുടനീളം 462 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നിലവിൽ 27,048 ആളുകളാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. മഴക്കെടുതി മൂലം ഇതുവരെ 67.44 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ 53 വീടുകൾ പൂർണ്ണമായും, 588 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ജലനിരപ്പ് അപകടകരമാം വിധം ഉയർന്നതിനെത്തുടർന്ന് സംസ്ഥാനത്തെ 14 ഡാമുകൾ തുറന്നുവിട്ടിട്ടുണ്ട്.

ദുരന്തബാധിതർക്കുള്ള ധനസഹായങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതവും, വീടും സ്ഥലവും പൂർണ്ണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപ വീതവും സർക്കാർ സഹായം നൽകും.