മന്ത്രിസഭാ തർക്കത്തിന് പിന്നാലെ സണ്ണി ജോസഫിനും എ.പി. അനിൽകുമാറിനും എതിരെ സൈബർ ആക്രമണം

മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച മന്ത്രിമാരായ സണ്ണി ജോസഫിനും എ.പി. അനിൽകുമാറിനും എതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണം. മുഖ്യമന്ത്രി വി.ഡി. സതീശൻ കാര്യങ്ങൾ ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്നും കൂടിയാലോചനകളില്ലെന്നും ഇരുവരും യോഗത്തിൽ തുറന്നടിച്ചിരുന്നു.

 

കൊച്ചി: മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച മന്ത്രിമാരായ സണ്ണി ജോസഫിനും എ.പി. അനിൽകുമാറിനും എതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണം. മുഖ്യമന്ത്രി വി.ഡി. സതീശൻ കാര്യങ്ങൾ ഏകപക്ഷീയമായി തീരുമാനിക്കുന്നുവെന്നും കൂടിയാലോചനകളില്ലെന്നും ഇരുവരും യോഗത്തിൽ തുറന്നടിച്ചിരുന്നു. കെപിസിസി പ്രസിഡന്റായ താൻ പോലും പല കാര്യങ്ങളും അറിയുന്നില്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ വിമർശനം. മന്ത്രിസഭയിൽ തർക്കമുണ്ടായ കാര്യം മുഖ്യമന്ത്രി തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ വ്യക്തിഹത്യ ഉൾപ്പെടെയുള്ള കമന്റുകളുമായി സൈബർ ആക്രമണം ശക്തമായത്. എ.പി. അനിൽകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് താഴെ രൂക്ഷമായ അധിക്ഷേപ കമന്റുകളാണ് നിറയുന്നത്. സണ്ണി ജോസഫിനെതിരെയും സമാനമായ രീതിയിലുള്ള കടന്നാക്രമണങ്ങളാണുള്ളത്.

മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന വിഭാഗമാണ് ഈ ആസൂത്രിത സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് കെ.സി. വേണുഗോപാൽ പക്ഷത്തിന്റെയും സണ്ണി ജോസഫ് വിഭാഗത്തിന്റെയും ആരോപണം. നേരത്തെ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശ്, ജെബി മേത്തർ എം.പി., കെ.സി. വേണുഗോപാൽ എന്നിവർക്കെതിരെയും സമാനമായ സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു.