യൂട്യൂബര്‍ 'തൊപ്പി'യ്‌ക്കെതിരായ പരാതിയില്‍ അന്വേഷണം തുടങ്ങി സൈബര്‍ പൊലീസ്
അന്വേഷിച്ച് നടപടിയെടുക്കും എന്ന് ചെന്നിത്തല പറഞ്ഞിരുന്നു.
ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗീക ചൂഷണം തുടങ്ങിയ പരാതികളിലാണ് അന്വേഷണം.
തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പൊലീസ്. കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് അന്വേഷണം ആരംഭിച്ചത്. റിപ്പോര്‍ട്ട് സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന് നല്‍കും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കും.
ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗീക ചൂഷണം തുടങ്ങിയ പരാതികളിലാണ് അന്വേഷണം. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഒരു അഭിഭാഷകന്റെ പരാതിയിലായിരുന്നു കേസെടുക്കാന്‍ നിര്‍ദ്ദേശം. നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷിച്ച് നടപടിയെടുക്കും എന്ന് ചെന്നിത്തല പറഞ്ഞിരുന്നു.
അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ ഉത്തരവ്. സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിഹാദും നിഹാദിന്റെ എംആര്‍സെഡ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്തവരെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്‌നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.
സംഭവത്തില്‍ ഷമീറിനും മുഹമ്മദിനുമെതിരെ പരാതി നല്‍കിയതായി അവകാശപ്പെട്ട് പിന്നീട് തൊപ്പി രംഗത്തെത്തി. തനിക്കെതിരായ ആരോപണങ്ങളെല്ലാം റീച്ചിന് വേണ്ടി ചെയ്യുന്നതാണെന്നും ക്രിമിനല്‍ കേസുകളും മാനനഷ്ട കേസുകളും തന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തൊപ്പി പറഞ്ഞു.