മമ്മൂട്ടിക്കെതിരായ സൈബറാക്രമണം; അവസാനിപ്പിക്കണമെന്ന് ദീപ്തി മേരി വര്‍ഗീസ്, മമ്മൂക്ക പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് അബിന്‍ വര്‍ക്കി

'അങ്ങ് മാറി നില്‍ക്ക് ' എന്ന് തന്നെ അവരോട് പറയേണ്ടി വരുമെന്നും അബിന്‍ വര്‍ക്കി പറയുന്നു.

 

സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കണമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

സൈബറാക്രമണത്തില്‍ നടന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് ആവശ്യപ്പെട്ടു. മമ്മൂട്ടിയെ ആരും വയനാട് ടൗണ്‍ഷിപ്പ് കാണാന്‍ ക്ഷണിച്ചതല്ല. സ്വമേധയാ തോന്നി വന്നതാണ്. അദ്ദേഹത്തിന്റെ പിന്നാലെ കൂടിയത് കൊണ്ടാണ് പൊതുപ്രവര്‍ത്തകന് ശകാരമേല്‍ക്കേണ്ടിവന്നത്. സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കണമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ദീപ്തി ഇക്കാര്യം ആവശ്യപ്പെട്ടത്.

പി ആറിന് വേണ്ടി സര്‍ക്കാരിന്റെ പലതും ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടെന്നും എങ്കില്‍ പോലും ഒരു സ്വകാര്യ സന്ദര്‍ശനത്തില്‍ തന്റെ കൂടെ നടന്ന് രാഷ്ട്രീയമായി അതിനെ ചിത്രീകരിക്കാന്‍ ശ്രമിച്ച സിപിഎം ജില്ല സെക്രട്ടറിയോട് മാറി നില്‍ക്കാന്‍ മമ്മൂക്ക പറഞ്ഞതില്‍ എന്താണ് തെറ്റുള്ളതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയും ഫേസ്ബുക്കില്‍ കുറിച്ചു. അയാള്‍ അയാളുടെ വ്യക്തിപരമായ രാഷ്ട്രീയം പച്ചക്ക് പറഞ്ഞു. വയനാട്ടിലെ പണം ജനങ്ങളുടേതാണെന്ന് പറഞ്ഞു. സി.പി.എം നരേറ്റീവിന് ഒപ്പം നില്‍ക്കാത്തതിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തി അങ്ങ് തീര്‍ക്കാം എന്ന് വച്ചാല്‍, 'അങ്ങ് മാറി നില്‍ക്ക് ' എന്ന് തന്നെ അവരോട് പറയേണ്ടി വരുമെന്നും അബിന്‍ വര്‍ക്കി പറയുന്നു.