കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല; ബിനോയ് വിശ്വം

പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ സിപിഐഎം നടത്തിയ ചില പ്രകടനങ്ങളിലെ കൊലവിളി മുദ്രാവാക്യം ചര്‍ച്ചയായ സാഹചര്യത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
 

ഇടത് നിലപാടുകളെ എതിര്‍ക്കുന്നവരുടെ കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശയങ്ങളെ എതിര്‍ക്കുന്നത് ആശയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ സിപിഐഎം നടത്തിയ ചില പ്രകടനങ്ങളിലെ കൊലവിളി മുദ്രാവാക്യം ചര്‍ച്ചയായ സാഹചര്യത്തിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.


ഈ ആശയത്തിന്റെ ബലത്തില്‍ സിപിഐക്ക് സംശയമൊന്നുമില്ല. പി വി അന്‍വറിന് പിന്നിലുള്ളവര്‍ ആരൊക്കെയെന്ന് പിന്നീട് ബോധ്യപ്പെടുമെന്നും ചോദ്യത്തിന് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു.

ആര്‍എസ്എസ് ബന്ധമുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റിയേ തീരുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ആര്‍എസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് സര്‍ക്കാരില്‍ എഡിജിപിയാകാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ക്രമസമാധാനചുമതലയുള്ള എഡിജിപിക്ക് ഒരുകാരണവശാലും ആര്‍എസ്എസ് ബന്ധം പാടില്ല. ഒന്നല്ല, രണ്ടുവട്ടം ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തി. ഇത് എന്തിനാണെന്ന് ആര്‍ക്കും അറിയില്ല. എഡിജിപിയെ മാറ്റണമെന്ന സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.