സി.യു.ഇ.ടി പി.ജി: അപേക്ഷ ജനുവരി 14വരെ
രാജ്യത്തെ കേന്ദ്രസർവകലാശാലകളടക്കം നിരവധി സ്ഥാപനങ്ങളിലെ ബിരുദാനന്തര പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ കോമൺ യൂനിവേഴ്‌സിറ്റി അഡ്മിഷൻ ടെസ്റ്റിന് (സി.യു.ഇ.ടി പി.ജി 2026) അപേക്ഷ ക്ഷണിച്ചു. ജനുവരി പതിനാലിന് രാത്രി 11:50നകം exams.nta.nic.in/cuet-pg വഴി അപേക്ഷ നൽകാം. ജനുവരി 18 മുതൽ 20 വരെ അപേക്ഷയിലെ അപാകതകൾ തിരുത്താം. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന പരീക്ഷ മാർച്ചിലാണ്. തീയതി പിന്നീട് അറിയിക്കും.
വിശാലമായ കാംപസുകൾ, മികച്ച ഭൗതിക സാഹചര്യങ്ങൾ, സമർഥരായ അധ്യാപകർ, മികവുറ്റ ലൈബ്രറികൾ, മിതമായ ഫീസ്, ഉയർന്ന പ്ലേസ്‌മെൻറ് സാധ്യതകൾ, പുതിയ ജീവിതരീതികൾ പരിചയപ്പെടാനും ഉൾക്കൊള്ളാനുമുള്ള അവസരങ്ങൾ, വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർഥികളുമായുള്ള സൗഹൃദങ്ങൾ തുടങ്ങി കേന്ദ്ര സർവകലാശാലകൾക്ക് നിരവധി സവിശേഷതകളുണ്ട്.
കേന്ദ്ര സർവകലാശാലകൾക്കു പുറമെ നിരവധി സ്റ്റേറ്റ്, പ്രൈവറ്റ്, ഡീംഡ് ടു ബി സർവകലാശാലകളും പ്രവേശനത്തിന് സി.യു.ഇ.ടി സ്‌കോർ പരിഗണിക്കാറുണ്ട്. പ്രവേശന പ്രക്രിയയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് പരീക്ഷ നടത്തി സ്‌കോർ കാർഡ് തയാറാക്കുക മാത്രമാണ് എൻ.ടി.എ ചെയ്യുന്നത്. ഓരോ സ്ഥാപനത്തിലും അപേക്ഷിക്കുന്ന വിദ്യാർഥികളുടെ സ്‌കോറുകൾ പരിഗണിച്ച് അതത് സ്ഥാപനങ്ങളാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ആയതിനാൽ താൽപര്യമുള്ള സ്ഥാപനങ്ങളിൽ യഥാസമയം അപേക്ഷ സമർപ്പിക്കാൻ വിദ്യാർഥികൾ മറക്കരുത്.
പ്രവേശന യോഗ്യത
ബിരുദം പൂർത്തിയാക്കിയവർക്കും 2026ൽ ഫൈനൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പരീക്ഷയെഴുതാൻ പ്രായപരിധിയില്ല. എന്നാൽ പ്രായവ്യവസ്ഥ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയിൽ ചേരാനുദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വ്യവസ്ഥകൾ പാലിക്കേണ്ടി വരും. പല സ്ഥാപനങ്ങളിലും വ്യവസ്ഥകളിൽ മാറ്റമുണ്ടാകാറുണ്ട്.
പരമാവധി 4 പേപ്പറുകൾ
ചേരാനുദ്ദേശിക്കുന്ന കോഴ്‌സ്/ സ്ഥാപനം പരിഗണിച്ച് ഒരു വിദ്യാർഥിക്ക് പരമാവധി നാല് പേപ്പറുകൾ തിരഞ്ഞെടുക്കാം. വിദ്യാർഥികൾ ഉപരിപഠനത്തിനുള്ള പ്രോഗ്രാമുകളും സ്ഥാപനങ്ങളും നേരത്തെ തന്നെ തീരുമാനിക്കണം. ഔദ്യോഗിക വെബ്‌സൈറ്റിലെ യൂനിവേഴ്‌സിറ്റീസ് ലിങ്കിൽ സി.യു.ഇ.ടി വഴി പ്രവേശനം ലഭ്യമാകുന്ന സർവകലാശാലകളുടെ ലിസ്റ്റ് ലഭ്യമാണ്. ഓരോ സർവകലാശാലയുടെയും ലിങ്കിൽ ക്ലിക്ക് ചെയ്താൽ അവിടുത്തെ പ്രോഗ്രാമുകൾ, ഓരോ പ്രോഗ്രാമിന്റെയും പ്രവേശനത്തിന് വേണ്ട യോഗ്യത, എഴുതേണ്ട പേപ്പർ കോഡുകൾ എന്നിവ അറിയാൻ സാധിക്കും.
അപേക്ഷാ ഫീസ്
ഇന്ത്യയിൽ പരീക്ഷ എഴുതാൻ രണ്ട് പേപ്പറിന് 1400 രൂപ അടക്കണം. (ഒ.ബി.സി/ഇ.ഡബ്ല്യു.എസ് -1200 രൂപ, പട്ടിക/ ട്രാൻസ് ജെൻഡർ -1100 രൂപ, ഭിന്നശേഷിക്കാർ - 1000 രൂപ ). ഓരോ അധിക പേപ്പറിന് ജനറൽ വിഭാഗക്കാർ 700 രൂപ വീതവും മറ്റുള്ളവർ 600 രൂപ വീതവുമാണ് അടക്കേണ്ടത്.
വിദേശത്ത് രണ്ട് ടെസ്റ്റ് പേപ്പർ വരെ എഴുതാൻ എല്ലാ വിഭാഗക്കാരും 7000 രൂപയും തുടർന്നുള്ള ഓരോ പേപ്പറിനും 3500 രൂപ വീതവും അടക്കണം.
പരീക്ഷ
ഒന്നിലധികം ഷിഫ്റ്റുകളായി പരീക്ഷ നടത്തിയേക്കാം. 75 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളടങ്ങിയ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. 90 മിനുട്ട് ദൈർഘ്യം. ശരിയുത്തരത്തിന് 4 മാർക്ക്. തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണം. കേരളത്തിൽ എല്ലാ ജില്ലകളിലുമടക്കം രാജ്യത്ത് 292 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷയിൽ മുൻഗണനാ ക്രമത്തിൽ രണ്ട് സെന്ററുകൾ നൽകേണ്ടതാണ്. സ്ഥിരം /നിലവിലെ മേൽവിലാസം ഉൾപ്പെട്ട സംസ്ഥാനത്തെ കേന്ദ്രങ്ങളാണ് അനുവദിക്കുക. വിദേശത്തും 16 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷാ സിലബസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.