മദ്യലഹരിയിലെ പാപ്പാന്റെ ക്രൂരത ;   ആനയെ തല്ലിയും കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കി കൊമ്പിലിരുത്തിയും പാപ്പാൻ

പേടി മാറ്റുന്നതിനെന്ന പേരില്‍ ഹരിപ്പാട്  ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊമ്പിലിരുത്തിയുള്ള സാഹസത്തിന് തൊട്ടുമുന്‍പ് ആനയെ ക്രൂരമായി മര്‍ദിച്ച്  പാപ്പാന്‍ അഭിലാഷ്. മദ്യലഹരിയിലായിരുന്നു മര്‍ദനം. ഇതിന്റെ ദൃശ്യം പുറത്തുവന്നു.

 

ആലപ്പുഴ: പേടി മാറ്റുന്നതിനെന്ന പേരില്‍ ഹരിപ്പാട്  ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊമ്പിലിരുത്തിയുള്ള സാഹസത്തിന് തൊട്ടുമുന്‍പ് ആനയെ ക്രൂരമായി മര്‍ദിച്ച്  പാപ്പാന്‍ അഭിലാഷ്. മദ്യലഹരിയിലായിരുന്നു മര്‍ദനം. ഇതിന്റെ ദൃശ്യം പുറത്തുവന്നു. ആനയുടെ മുന്‍കാലുകളില്‍ കമ്പ് ഉപയോഗിച്ച് തല്ലുന്നതാണ് ദൃശ്യത്തിലുള്ളത്. തുടര്‍ച്ചയായി തല്ലുന്നത് വീഡിയോയിലുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് കുഞ്ഞുമായി ഇയാള്‍ ആനയുടെ അടുത്ത് എത്തുന്നതും കുഞ്ഞിനെ ആനക്കൊമ്പില്‍ ഇരുത്താന്‍ ശ്രമിക്കുന്നതും. ഇതിനിടെ കുഞ്ഞ് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.

മദ്യലഹരിയില്‍ ഇയാള്‍ ആനയെ മര്‍ദിക്കുന്നത് സ്ഥിരം സംഭവമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുഞ്ഞുമായുള്ള സാഹസത്തില്‍ അഭിലാഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഹരിപ്പാട് പൊലീസാണ് അഭിലാഷിനെതിരെ കേസെടുത്തത്. കുഞ്ഞ് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയായിരുന്നു പൊലീസ് നടപടി.