ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വിവരം പുറത്ത് ; പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

2025 ജൂലൈ 30 നാണ് ദേവസ്വം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 

 

പ്രശാന്ത് ഇടപെട്ട് ചെന്നൈയില്‍ തന്നെ കൊണ്ടുപോകാമെന്ന് സെക്രട്ടറിക്ക് കത്ത് നല്‍കി.

 

തിരുവാഭരണം കമ്മീഷണര്‍ റെജിലാലിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് പ്രശാന്ത് പാളികള്‍ ചെന്നൈയില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. സ്വര്‍ണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സംവിധാനം സ്മാര്‍ട്ട് ക്രിയേഷന്‍സിനില്ലെന്ന് റജിലാല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2025 ജൂലൈ 30 നാണ് ദേവസ്വം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 

സ്വര്‍ണം പൂശാന്‍ പരമ്പരാഗത രീതി സ്വീകരിക്കണം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പ്രശാന്ത് ഇടപെട്ട് ചെന്നൈയില്‍ തന്നെ കൊണ്ടുപോകാമെന്ന് സെക്രട്ടറിക്ക് കത്ത് നല്‍കി. ഇതിനായി റജിലാലില്‍ സമ്മര്‍ദ്ദം ചെലുത്തി അനുകൂല തീരുമാനം എടുപ്പിച്ചു. തുടര്‍ന്ന് 2025 ഓഗസ്റ്റ് രണ്ടിന് ചേര്‍ന്ന ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കിടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചെന്നൈയിലേക്ക് പാളികള്‍ കൊണ്ടുപോകുന്നതിനായി വ്യാജ രേഖ തയ്യാറാക്കിയെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.

നിയമാനുസൃതമായ കരാറും അന്ന് ഉണ്ടായിരുന്നില്ല. പാളികള്‍ ചെന്നൈയില്‍ എത്തിച്ച ശേഷം ബെല്ലാരിയില്‍ നിന്നും 2025 ഓഗസ്റ്റ് എട്ടിന് പോറ്റി മുദ്രപത്രം വാങ്ങി. തുടര്‍ന്ന് ഓഗസ്റ്റ് പത്താം തീയതി പോറ്റിയും തിരുവാഭരണം കമ്മീഷണര്‍ റജിലാലും ചേര്‍ന്ന് വ്യാജ കരാറില്‍ ഒപ്പിട്ടു. ചെന്നൈയില്‍ എത്തിച്ച 12 പാളികളില്‍ നാല് പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തു. 2019 ലെ സ്വര്‍ണക്കൊള്ള മറച്ചു വെക്കുന്നതിനുള്ള ഗൂഢാലോചനയാണ് പ്രതികള്‍ നടത്തിയത്. ഇത് വഴി ബോര്‍ഡിന് പ്രതികള്‍ അന്യായമായ നഷ്ടം ഉണ്ടാക്കി. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിക്ക് വന്‍ ലാഭം ഉണ്ടാക്കാന്‍ ഒത്താശ ചെയ്തു. 2020 മുതല്‍ 2025 വരെയുള്ള ബോര്‍ഡ് ജീവനക്കാരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്നും എസ് ഐടി ആവശ്യപ്പെടുന്നു.