തിരക്കേറിയ ബസുകളിൽ മോഷണംവർധിക്കുന്നു; ജാഗ്രത വേണമെന്ന് പോലീസ്

സ്വർണവില കുതിച്ചുയർന്നതോടെ ബസുകളിൽ മോഷണം വർധിക്കുന്നു . തിരക്കേറിയ ബസുകളിൽ കയറിക്കൂടുന്ന മോഷ്ടാക്കൾ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്ന് സ്ഥലംവിടുകയാണ്.പ്രായമായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആഭരണങ്ങളാണ് മോഷ്ടാക്കൾ കൈയ്ക്കലാക്കുന്നത്
 

ബാലുശ്ശേരി: സ്വർണവില കുതിച്ചുയർന്നതോടെ ബസുകളിൽ മോഷണം വർധിക്കുന്നു . തിരക്കേറിയ ബസുകളിൽ കയറിക്കൂടുന്ന മോഷ്ടാക്കൾ സ്ത്രീകളുടെ ആഭരണങ്ങൾ കവർന്ന് സ്ഥലംവിടുകയാണ്.പ്രായമായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആഭരണങ്ങളാണ് മോഷ്ടാക്കൾ കൈയ്ക്കലാക്കുന്നത്. താമരശ്ശേരി - കൊയിലാണ്ടി റൂട്ടിലോടുന്ന ബസുകളിലാണ് മോഷണം വർധിക്കുന്നത്. നിത്യേന ഒന്നിലധികം പരാതികളാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞദിവസം ബാലുശ്ശേരിയിൽനിന്ന് കൊല്ലം പിഷാരികാവ് ക്ഷേത്രദർശനത്തിനുപോയ സ്ത്രീയുടെ മൂന്നുപവന്റെ സ്വർണമാലയാണ് കവർന്നത്.

ഉള്ളിയേരി-ബാലുശ്ശേരി റൂട്ടിലോടുന്ന ബസിൽനിന്ന്‌ ഒരു സ്ത്രീയുടെ ഒന്നരപ്പവൻ വരുന്ന സ്വർണാഭരണവും കവർച്ച ചെയ്യപ്പെട്ടിരുന്നു. കൂട്ടംചേർന്ന് പ്രവർത്തിക്കുന്ന സംഘങ്ങൾ യാത്രക്കാരുടെ ശ്രദ്ധതിരിച്ച് മോഷണം നടത്തി കടന്നുകളയുകയാണ്. ഇതരനാട്ടുകാരായ സംഘത്തെ ഇറക്കി മോഷ്ടാക്കൾക്ക് സംരക്ഷണമൊരുക്കുന്ന സംഘവും പ്രവർത്തിക്കുന്നതായാണ് പോലിസീന് ലഭിക്കുന്ന വിവരം.പൊതുഗതാഗതം ഉപയോഗിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.


വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിക്കാതിരിക്കുക, തിരക്കേറിയ ബസുകളിൽ ജാഗ്രത പുലർത്തുക, യാത്രക്കാരിൽ ആരെങ്കിലും മോഷണം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിൽ അറിയിക്കുക എന്നീ നിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.സിസിടിവി ക്യാമറകൾ എല്ലാ ബസുകളിലും സ്ഥാപിക്കാൻ ബസ്സുടമകൾക്ക് നിർദേശം നൽകിയതായി പോലീസ് പറഞ്ഞു.