ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനൽ കുറ്റം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍.

 

ഫ്‌ളാറ്റ്‌ഫോമുകളിലേക്ക് പോകുന്നതിന് ഫുട് ഓവര്‍ ബ്രിഡ്ജ് ഉണ്ടെന്നിരിക്കെ അത് ഉപയോഗിക്കാതെ ട്രാക്കിലൂടെ പോകുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്ന് റെയില്‍വെ വാദിച്ചു.

കൊച്ചി: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍. റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

അതുകൊണ്ടുതന്നെ ട്രാക്ക് മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍ പറഞ്ഞു.മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റ് ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ നഷ്ടപരിഹാര അപേക്ഷയാണ് ട്രിബ്യൂണല്‍ തള്ളിയത്.

ഫ്‌ളാറ്റ്‌ഫോമുകളിലേക്ക് പോകുന്നതിന് ഫുട് ഓവര്‍ ബ്രിഡ്ജ് ഉണ്ടെന്നിരിക്കെ അത് ഉപയോഗിക്കാതെ ട്രാക്കിലൂടെ പോകുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്ന് റെയില്‍വെ വാദിച്ചു.

ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്കേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ എന്നും റെയില്‍വെ പറഞ്ഞു. ഇത് പരിഗണിച്ച ട്രൈബ്യൂണല്‍, സ്വന്തം ജാഗ്രതക്കുറവും നിയമലംഘനവും മൂലം അപകടം പറ്റുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് നിര്‍ദേശിച്ചു.