കോണ്‍ഗ്രസില്‍ ക്രൈം സിന്‍ഡിക്കേറ്റ്; WHO CARES എന്നത് ഇവരുടെ കോമണ്‍ ടാഗ് ലൈന്‍; സണ്ണി ജോസഫിനടക്കം ഇവരെ പേടി: എ എ റഹീം

 

കൂട്ടത്തില്‍ ഒരു ഇര പിടിയന്‍ 'പെട്ടു പോയാല്‍'ചങ്കുകൊടുത്തു കൂടെ നില്‍ക്കും

 

എതിര്‍ക്കുന്നവര്‍ ആരായാലും 'തീര്‍ത്തു കളയാന്‍' ഇവര്‍ ഒരുമിച്ച് ഇറങ്ങും

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡിലായതിന് പിന്നാലെ കോണ്‍ഗ്രസില്‍ ക്രൈം സിന്‍ഡിക്കേറ്റ് ഉണ്ടെന്ന ആരോപണവുമായി എ എ റഹീം എംപി. പരസ്പരം കണ്ടും, എല്ലാത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പരസ്പരം പകര്‍ത്തിയുമാണ് ഈ സംഘം കുറേ നാളായി 'വികസിച്ചു'വന്നത് എന്ന് റഹീം ആരോപിച്ചു. എതിര്‍ക്കുന്നവര്‍ ആരായാലും 'തീര്‍ത്തു കളയാന്‍' ഇവര്‍ ഒരുമിച്ച് ഇറങ്ങും. ഹു കെയേഴ്‌സ് എന്നതാണ് ഇവരുടെ കോമണ്‍ ടാഗ്ലൈന്‍. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് പോലും ഇവരെ പേടിയാണെന്നും എ എ റഹീം ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു റഹീമിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോണ്‍ഗ്രസിലെ ക്രൈം സിന്‍ഡിക്കേറ്റ്. അഥവാ പൊളിറ്റിക്കല്‍ സെലിബ്രിറ്റികള്‍. പരസ്പരം കണ്ടും, എല്ലാത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും പരസ്പരം പകര്‍ത്തിയുമാണ് ഈ സംഘം കുറേ നാളായി 'വികസിച്ചു'വന്നത്. ''അവന്‍ ചെയ്യുന്നത് കണ്ടില്ലേ,അതിനൊന്നും ഒരു കുഴപ്പവുമില്ല,അതൊക്കെ അവരവരുടെ മിടുക്ക് ആണ്, കൂടെയുള്ളൊരാള്‍ കള്ളപ്പണം ഉണ്ടാക്കുന്നുണ്ടല്ലോ,അപ്പോള്‍ എനിക്കുമാകാം, കൂടെയുള്ളവന്‍ ഇര പിടിക്കുന്നുണ്ടല്ലോ? അതൊക്കെ നോര്‍മല്‍ അല്ലേ... '

നോക്കൂ ,മൂന്നാമത്തെ കേസില്‍ ഒരു പുതിയ രീതി കൂടി അയാള്‍ നടപ്പിലാക്കുന്നുണ്ട്. ഇരപിടി മാത്രമല്ല,ഇരയില്‍ നിന്നും പണാപഹരണവും ഉണ്ട്. ഈ പ്രത്യേക തരം ഇരപിടിയന്‍ രീതി ക്രൈം സിന്‍ഡിക്കേറ്റിലെ വേറൊരാളില്‍ നിന്ന് പകര്‍ത്തിയതാണെങ്കിലോ? 'Wait and see'.കൂട്ട് കച്ചവടം നടത്തും, പരസ്പരം ലക്ഷങ്ങള്‍ സഹായിക്കും, പൊളിറ്റിക്‌സിലെ സെലിബ്രിറ്റിയാകാനുള്ള മാര്‍ക്കറ്റിങ് സ്ട്രാറ്റജികള്‍ പരസ്പരം പറഞ്ഞു നല്‍കും. ഒന്നും ഒറ്റയ്ക്കല്ല, എല്ലാം ഒരുമിച്ചാണ്.

കൂട്ടത്തില്‍ ഒരു ഇര പിടിയന്‍ 'പെട്ടു പോയാല്‍'ചങ്കുകൊടുത്തു കൂടെ നില്‍ക്കും. ബിസിനസ് സുഹൃത്തുക്കളില്‍ നിന്നു കോടികള്‍ സ്വരൂപിച്ച് 'ഇരു ചെവി അറിയാതെ'സെറ്റില്‍ ചെയ്യും. എല്ലാം കോടികളുടെ കളിയാണ് എന്നേയുള്ളൂ. ഇതിലൊന്നും വീഴാത്ത ഏതെങ്കിലും പെണ്ണ് പിന്നെയും നീതിതേടി ഇറങ്ങിയാല്‍, ഒരു പൊലീസിനും കൊടുക്കാതെ കൂടെയുള്ള ക്രിമിനലിനെ കാത്ത് സൂക്ഷിക്കും. പ്രൊമോഷന്‍തന്ത്രങ്ങള്‍, മുതല്‍ 'വലയില്‍ വീണ ഇരയേ'കുറിച്ചുവരെ പരസ്പരം മനസ് തുറക്കും ഈ ചങ്കുകള്‍.

എതിര്‍ക്കുന്നത്, സ്വന്തം പാര്‍ട്ടിയില്‍ ഉള്ളവനായാലും,എതിര്‍ പാര്‍ട്ടിയില്‍ ഉള്ളവര്‍ ആയാലും 'തീര്‍ത്തു കളയാന്‍'ഒരുമിച്ച് ഇറങ്ങും. സോഷ്യല്‍ മീഡിയ സന്നാഹങ്ങളെ ഒരുമിച്ചു നിന്ന് ഉപയോഗിക്കും, ഒന്നിലും ഒരു എത്തിക്‌സും ഉണ്ടാകില്ല. സംഘടനയ്ക്കുള്ളിലെ തെരഞ്ഞെടുപ്പ് ആയാലും, പൊതു തെരഞ്ഞെടുപ്പ് ആയാലും ഒരു ധാര്‍മികതയുമില്ലാതെ ഇവര്‍ കരുക്കള്‍ നീക്കും.

'who cares' എന്നത് ഇവരുടെ കോമണ്‍ ടാഗ് ലൈന്‍ ആണ്. കയ്യിലുള്ള കള്ളപണവും, ഒന്ന് രണ്ട് കോളില്‍ മൊബിലൈസ് ചെയ്യാമെന്ന് ഉറപ്പുള്ള കോടികളും, പവറും, പണം കൊടുത്ത് മാനേജ് ചെയ്യുന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും കൊണ്ട് എന്തിനെയും മാനിപ്പുലേറ്റ് ചെയ്യാമെന്ന അഹങ്കാരമാണ് ഈ സംഘത്തെ നയിക്കുന്നത്.


കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ക്ക് പോലും ഈ സംഘത്തോട് ഏറ്റുമുട്ടാന്‍ പേടിയാണ്. 'എതിര്‍ത്താല്‍, സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തങ്ങളെ തീര്‍ത്തു കളയും'എന്ന് കരുതുന്നവരാണ് ശ്രീ സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള ഒരു കൂട്ടം നേതാക്കള്‍. 'ഇവരെ പിണക്കാതെ പോകുന്നതാണ് നല്ലത്'എന്ന് ഈ വിഭാഗം ചിന്തിക്കുന്നു.

കോണ്‍ഗ്രസ്സിനുള്ളില്‍ വളരെ ശക്തരായ മറ്റു ചില നേതാക്കള്‍ ഉണ്ട്! അവരെ നയിക്കുന്ന വികാരം മറ്റൊരു തരം പേടിയാണ്. അവരുടെ കള്ളപ്പണം മുതല്‍,സകല കൊള്ളരുതായ്മകളും ക്രൈം സിന്‍ഡിക്കേറ്റിന് അറിയാം. അതൊക്കെ എടുത്ത് പുറത്തിട്ട് അലക്കും എന്ന ഭയമാണ് അവര്‍ക്ക്. അപ്പോള്‍ 'ഈ പൊളിറ്റിക്കല്‍ സെലിബ്രിറ്റികളെ കൂടെ കൂട്ടുന്നതാണ് നല്ലത്' എന്നവര്‍ക്കും തോന്നി. ചുരുക്കത്തില്‍ ഈ 'who cares ടീം'ആണ് കേരളത്തിലെ കോണ്‍ഗ്രസ്സ് തീരുമാനങ്ങളെ കുറേ നാളായി നിയന്ത്രിക്കുന്നത്. ഇവര്‍ക്ക് അധികാരവും,പ്രശസ്തിയുംഇര പിടുത്തത്തിനും കള്ളപണത്തിനും വേണ്ടിയുള്ള മറ മാത്രമാണ്.

യൂത്ത് കോണ്‍ഗ്രസ്സ് ഓഫീസ് പണിയാന്‍ പിരിച്ചത് മുതല്‍,വയനാട് ദുരന്തത്തിലെ പാവപ്പെട്ടവര്‍ക്കായി പിരിച്ചത് വരെ സകലതും കൊള്ളയടിക്കാന്‍ ഒരു മനസാക്ഷിക്കുത്തും ഇവര്‍ക്കില്ല. ദുരന്തങ്ങളില്‍പെട്ട മനുഷ്യരോട് പോലും കരുണയോ,ആത്മാര്‍ത്ഥതയോ ഇവര്‍ക്ക് ഇല്ല. രാഷ്ട്രീയ ധാര്‍മികത തീരെ ഇല്ലാത്ത ഈ ടീം നമ്മുടെ നാടിന് ചേര്‍ന്നതല്ല. ഇവര്‍ കേരളത്തിന്റെ നന്മകളെ തകര്‍ക്കും. ഒരു കാര്യം ഉറപ്പ്, ഇവര്‍ പൂര്‍ണമായും എക്‌സ്‌പോസ് ചെയ്യപ്പെടും. കാരണം കോണ്‍ഗ്രസ്സിനെ മാനിപുലേറ്റ് ചെയ്യുന്നത് പോലെ മലയാളികളെ വിഡ്ഢികള്‍ ആക്കാന്‍ പറ്റില്ല. മലയാളികള്‍, പൊരി വെയിലത്ത് നിര്‍ത്തി ഇവരോടും, ഇവരുടെ പൊളിറ്റിക്കല്‍ ഹൈക്കമാന്‍ഡിനോടും കണക്കു ചോദിക്കുന്ന കാലം വിദൂരമല്ല.