നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ ഡോ എംകെ റാമിനെ തേടി ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരില്‍

നിതിന്‍ രാജ് ക്ലാസ്മുറിക്കുള്ളില്‍ അധിക്ഷേപിക്കപ്പെട്ടു എന്ന് കോടതി വ്യക്തമാക്കി.

 

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി, ഡോ റാമിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്.

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ ഡോ എംകെ റാമിനെ തേടി ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരില്‍. റാം ഒളിവില്‍ കഴിയുന്നത് ചിറ്റൂരിലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇയാളെ വൈകാതെ പിടികൂടുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിനു പിന്നാലെ റാമിനായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാ?ഗമായാണ് ക്രൈംബ്രാഞ്ച് സംഘം ചിറ്റൂരിലെത്തിയിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി, ഡോ റാമിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. നിതിന്‍ രാജ് ക്ലാസ്മുറിക്കുള്ളില്‍ അധിക്ഷേപിക്കപ്പെട്ടു എന്ന് കോടതി വ്യക്തമാക്കി. സഹപാഠികള്‍ക്ക് മുന്നില്‍വെച്ച് ഇത്തരത്തില്‍ അധിക്ഷേപിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസ്സില്‍ വരുന്നതെന്നും കോടതി പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന അധ്യാപകര്‍ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു അധ്യാപകന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. പറഞ്ഞതില്‍ നിന്ന് പാഠം പഠിച്ചു എന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പ്രതിയായ ഡോ റാം മൂന്ന് മാസമായി ഒളിവിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു.