നിതിന്‍ രാജിന്റെ മരണത്തില്‍ 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി എഡിജിപി
ലോണ്‍ ആപ്പിനെതിരെ എടുത്ത കേസും അന്വേഷിക്കും.
അന്തിമ റിപ്പോര്‍ട്ട് 30 ദിവസത്തിനകം നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.
അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ 15 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി എഡിജിപി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിക്കാണ് എഡിജിപി നിര്‍ദേശം നല്‍കിയത്. അന്തിമ റിപ്പോര്‍ട്ട് 30 ദിവസത്തിനകം നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. ലോണ്‍ ആപ്പിനെതിരെ എടുത്ത കേസും അന്വേഷിക്കും. നിതിന്‍ രാജിന്റെ ഫോണ്‍ വിവരങ്ങള്‍ പുറത്ത് പോകരുതെന്നും അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശിച്ചാല്‍ സിസിടിവി ദൃശ്യങ്ങളടക്കം കുടുംബത്തിന് നല്‍കാനും തീരുമാനമുണ്ട്.
ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നതായും നിതിന്‍ കുടുംബത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയിലാണ് നിതിന്‍ മരിച്ചതെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.