നിര്‍മ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍
ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
ഏകദേശം 10 മീറ്ററോളം നീളത്തില്‍ വലിയ രീതിയിലുള്ള വിള്ളല്‍ രൂപപ്പെട്ടത് നാട്ടുകാര്‍ കരാര്‍ കമ്പനിയെ അറിയിച്ചു.
നിര്‍മ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. കൊല്ലം ബൈപാസ് റോഡില്‍ പാലത്തറയിലുള്ള ഉയരപ്പാതയിലാണ് ഇത്തവണ വിള്ളല്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയോടെ ഉയരപ്പാതയില്‍ ഏകദേശം 10 മീറ്ററോളം നീളത്തില്‍ വലിയ രീതിയിലുള്ള വിള്ളല്‍ രൂപപ്പെട്ടത് നാട്ടുകാര്‍ കരാര്‍ കമ്പനിയെ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും നിര്‍മ്മാണ കമ്പനി പ്രതിനിധികളും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
റോഡിന് പുറമേ മാത്രമുള്ള വിള്ളലാണിതെന്നും, ഘടനയെ ബാധിക്കുന്ന തരത്തില്‍ ആഴത്തിലുള്ള പ്രശ്‌നങ്ങളൊന്നും നിലവിലില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉച്ചയോടെ തന്നെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഈ ഭാഗത്തെ ടാര്‍ പൂര്‍ണ്ണമായും ഇളക്കി മാറ്റിയിട്ടുണ്ട്. ഇവിടെ എത്രയും വേഗം പുതിയ രീതിയില്‍ ടാറിങ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിര്‍മ്മാണ കമ്പനിയുടെ ലെയ്‌സന്‍ ഓഫീസര്‍ അറിയിച്ചു.