കോട്ടയ്ക്കുള്ളിലെ വിള്ളല്‍: ആന്തൂരില്‍ നിന്ന് കലഹത്തിന്റെ ശബ്ദം; ടി.കെ ഗോവിന്ദന്‍മാര്‍ ഇനിയും ഉണ്ടാകും
കോട്ടയ്ക്കുള്ളിലെ വിള്ളല്‍: ആന്തൂരില്‍ നിന്ന് കലഹത്തിന്റെ ശബ്ദം; ടി.കെ ഗോവിന്ദന്‍മാര്‍ ഇനിയും ഉണ്ടാകും
വര്‍ഷങ്ങളായി പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുകയും നവമാധ്യമങ്ങളിലൂടെ പ്രതിരോധം തീര്‍ക്കുകയും ചെയ്ത യുവാക്കള്‍ തന്നെ നേതൃത്വത്തിനെതിരെ രംഗത്തുവന്നത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയെപ്പോലും ആശങ്കയിലാക്കുന്ന തരത്തിലുള്ള വോട്ട് ചോര്‍ച്ചയിലേക്കാണ് ഈ കുറിപ്പ് വിരല്‍ചൂണ്ടുന്നത്.
കണ്ണൂര്‍: സി പി എമ്മിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആന്തൂരില്‍ നിന്നും ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ഉയര്‍ന്നുവന്ന പരസ്യമായ കലഹം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. 'ആന്തൂര്‍ സഖാക്കള്‍' എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന കുറിപ്പ് കേവലം ഒരു വൈകാരിക പ്രതികരണമല്ല, മറിച്ച് പാര്‍ട്ടിയിലെ ജീര്‍ണതകള്‍ക്കെതിരെയുള്ള യുവതലമുറയുടെ കടുത്ത താക്കീതായാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയെപ്പോലും ആശങ്കയിലാക്കുന്ന തരത്തിലുള്ള വോട്ട് ചോര്‍ച്ചയിലേക്കാണ് ഈ കുറിപ്പ് വിരല്‍ചൂണ്ടുന്നത്.
വര്‍ഷങ്ങളായി പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുകയും നവമാധ്യമങ്ങളിലൂടെ പ്രതിരോധം തീര്‍ക്കുകയും ചെയ്ത യുവാക്കള്‍ തന്നെ നേതൃത്വത്തിനെതിരെ രംഗത്തുവന്നത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. സിപിഐ(എം) എന്നതിലെ 'എം' എന്നത് മാറ്റി പ്രാദേശിക ഘടകങ്ങളുടെ പേര് ചേര്‍ക്കേണ്ട അവസ്ഥയാണോ എന്ന് ചോദിക്കുന്നതിലൂടെ, പാര്‍ട്ടിയിലെ വ്യക്തികേന്ദ്രീകൃതമായ അധികാര പ്രവണതകളെയാണ് ഇവര്‍ വിമര്‍ശിക്കുന്നത്. പാര്‍ട്ടി ക്ലാസുകളില്‍ യുവത്വത്തെ ചേര്‍ത്തുപിടിക്കണമെന്ന് പ്രസംഗിക്കുന്നവര്‍ പ്രായോഗിക തലത്തില്‍ അവരെ അകറ്റിനിര്‍ത്തുകയാണെന്നും, ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ പുറത്താക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
നേതൃത്വത്തിലെ ചിലരുടെ ആഡംബര ജീവിതവും സാധാരണക്കാരോടുള്ള പുച്ഛവുമാണ് അണികളെ പ്രകോപിപ്പിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് എസി കാറുകളില്‍ യാത്ര ചെയ്യുന്ന നേതാക്കള്‍ നാട്ടുകാരെയും യുവാക്കളെയും ഒതുക്കി നിര്‍ത്തി സ്വന്തം സാമ്രാജ്യം പടുത്തുയര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കുറിപ്പില്‍ ആഞ്ഞടിക്കുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുകയും എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നവരെ ബിജെപിക്കാരായി മുദ്രകുത്തുകയും ചെയ്യുന്ന പ്രവണത ആന്തൂരില്‍ വര്‍ഗീയ ശക്തികള്‍ക്ക് വളരാന്‍ വളമിട്ടു നല്‍കുകയാണ് ചെയ്യുന്നത്. അഹങ്കാരത്തിനുള്ള തിരിച്ചടി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന മുന്നറിയിപ്പ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരുടെ തട്ടകമായ കണ്ണൂരില്‍ നിന്നുതന്നെ ഇത്തരമൊരു പൊട്ടിത്തെറി ഉണ്ടായത് വരാനിരിക്കുന്ന വലിയ രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയായാണ് കരുതപ്പെടുന്നത്. മുതിര്‍ന്ന നേതാക്കളുടെ സഹിഷ്ണുതയും സൗമ്യതയും മാതൃകയാക്കാതെ, അധികാരം ആസ്വദിക്കുന്ന പുതിയ കാലത്തെ നേതാക്കള്‍ തിരുത്തലിന് തയ്യാറായില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ അടിത്തറയിളക്കുമെന്നാണ് ഈ കുറിപ്പ് സാക്ഷ്യപ്പെടുത്തുന്നത്. പാര്‍ട്ടിയോടല്ല, മറിച്ച് ജീര്‍ണ്ണിച്ച നേതൃത്വത്തോടാണ് തങ്ങളുടെ കലഹമെന്ന് വ്യക്തമാക്കുന്ന യുവാക്കള്‍, വോട്ട് ചോര്‍ച്ചയുടെ ഉത്തരവാദിത്തം ഇത്തരം നേതാക്കളുടെ തലയില്‍ കെട്ടിവെച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇത് കേവലം ഒരു ഫേസ്ബുക്ക് പോസ്റ്റല്ല, മറിച്ച് ഒരു രാഷ്ട്രീയ ബോംബായി ആന്തൂരില്‍ പൊട്ടിത്തെറിച്ചിരിക്കുകയാണ്.
ആന്തൂര്‍ സഖാക്കള്‍ ഫെയ്സ് ബുക്ക് പേജിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട ഞങ്ങളുടെ നേതാക്കന്മാരോട് ഒരു വാക്ക്.......
ഈ പേജ് (നമ്മുടെ ആന്തൂര്‍ ആയി തുടങ്ങി ഇപ്പോള്‍ ആന്തൂര്‍ സഖാക്കള്‍ ) തുടങ്ങിയത് മുതല്‍ പറയണമെന്ന് കരുതിയത് ആണ്. എന്നാല്‍ പേജ് ആക്റ്റീവ് ആയി വന്നപ്പോള്‍ അത് ലോക സഭ തെരഞ്ഞെടുപ്പ്‌സമയവും, പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പും, ഇപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പും വന്നതുകൊണ്ട് മാത്രം പറയാതെ വച്ച കാര്യമാണ് പറയാന്‍ പോകുന്നത്.
പലര്‍ക്കും ഇത് ദാഹിച്ചെന്ന് വരില്ല, ഈ കുറിപ്പ് ഞങ്ങള്‍ ഇവിടെ എഴുതി ഇടുമ്പോള്‍ പലരെയും അതാത് ബ്രാഞ്ച്, ലോക്കല്‍, ഏരിയ ഘടകങ്ങള്‍ക്ക് മനസിലായി വരുമെന്നും അറിയാം. എങ്കിലും സഖാക്കളെ എഴുതാതിരിക്കാന്‍ സാധിക്കുന്നില്ല.
ഞങ്ങള്‍ ഉള്‍പ്പെടെ ഉള്ള യുവാക്കള്‍ പാര്‍ട്ടിയുടെ അംഗത്വത്തിലേക്ക് വന്നപ്പോള്‍ ആദ്യ പാര്‍ട്ടി ക്ലാസ്സില്‍ അത് കൈകാര്യം ചെയ്തവരില്‍ പെട്ട ആളായിരുന്നു ടി കെ ഗോവിന്ദന്‍, അയാള്‍ ഇന്ന് ഈ പാര്‍ട്ടിയില്‍ ഇല്ല. ഒപ്പം ഞങ്ങളില്‍ ചിലരും. ആരാണ് ഈ ആന്തൂര്‍ സഖാക്കളുടെ അഡ്മിന്‍ എന്ന് ചോദിച്ച് വരുന്ന പലരും ഉണ്ടായിരുന്നു. ഭീഷണിയും ഒക്കെ മറുവശത്തു ( എതിര് പാര്‍ട്ടിക്കാരുടെ) എന്നിട്ടും ഞങ്ങള്‍ മുന്നോട്ട് പോയത് ഈ പാര്‍ട്ടി തോല്‍ക്കാതിരിക്കാന്‍ ആണ്.
ഇനി വിഷയത്തിലേക്ക് വരാം.......
എന്താണ് സഖാവേ ഇപ്പോള്‍ തളിപ്പറമ്പിലെ ഉള്‍പ്പെടെ ഉള്ള പാര്‍ട്ടിയില്‍ നടക്കുന്നത്. CPI(M) ഇങ്ങനെ ആണലോ അല്ലെ നമ്മള്‍ എഴുതുന്നത് അതിലെ M എന്നത് മാറ്റി ഓരോ ലോക്കല്‍ കമ്മിറ്റിയുടെയും ആദ്യത്തെ അക്ഷരം നല്‍കേണ്ട സമയം ആയോ?
യുവാക്കളെ പാര്‍ട്ടിയോട് അടുപ്പിക്കണമെന്ന് നാഴികയ്ക്ക് നാല്പത് വട്ടം ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മിറ്റി യോഗങ്ങളിലും, ഫ്രാക്ഷനുകളിലും പറയുന്നവര്‍ ഏത് യുവാക്കളെ ആണ് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്?
20 ഉം 70 ഉം തമ്മിലുള്ള അന്തരം അത് വലുത് തന്നെയാണ്. 70 ല്‍ നില്‍ക്കുന്ന മൂത്ത സഖാകള്‍ക്ക് 20 ല്‍ നില്‍ക്കുന്ന പുതിയ നേതൃത്വം ആവേണ്ടവരെ ചിലപ്പോള്‍ കണ്ടാല്‍ കണ്ണില്‍ പിടിക്കില്ല. അവര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പിന്നെ ആ 20 ല്‍ നില്‍ക്കുന്ന സഖാക്കള്‍ക്ക് മെമ്പര്‍ഷിപ്പ് പോലും കാണില്ല.
അനുഭവം ഉണ്ട് സഖാക്കളെ ഞങ്ങള്‍ക്ക്.....
ഗൃഹസന്ദര്‍ശനത്തിന്റെ പേരില്‍ വന്ന നേതാവിനോട് പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഉള്ള ഒരാളെ സംരക്ഷിക്കാന്‍ പറ്റില്ലെങ്കില്‍ എന്തിന് ഈ കൊടിക്ക് കീഴില്‍ നില്‍ക്കണം എന്ന് ചോദിച്ചതിന്റെയും കൂടെ ഭാഗമായി ബ്രാഞ്ച് യോഗം അറീക്കാത്തെ, മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്താക്കിയ നാടാണ് സഖാക്കളെ ഈ തളിപ്പറമ്പില്‍ ഉള്ളത്.
പാര്‍ട്ടി ബ്രാഞ്ച് യോഗത്തില്‍ വിമര്‍ശനം രേഖപ്പെടുത്തിയാല്‍ അയാള്‍ പാര്‍ട്ടിക്കെതിരെ എന്നുള്ള ഫോര്‍മുല തന്നെ ഇപ്പോഴും എടുകുന്നുണ്ട്. പാര്‍ട്ടി ബ്രാഞ്ച് യോഗത്തില്‍ പറയുന്ന ചര്‍ച്ച ചെയുന്ന കാര്യങ്ങള്‍ എങ്ങനെയാണ് സഖാവേ.... ആ യോഗത്തില്‍ ഉള്ളവര്‍ അറിയിനത്തിലും മുന്നേ നാട്ടുകാര്‍ അറിയുന്നത്.
എന്താണ് സഖാവേ.... ടി. കെ ഗോവിന്ദനമാര്‍ കുറെ ഉണ്ടാവുമല്ലോ..... ഇങ്ങനെ ആണെങ്കില്‍
വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ഇട്ടോണ്ട് വലിയ ഏരിയ കമ്മിറ്റി അംഗം ആണെന്ന് പറഞ്ഞു നാട്ടിലുള്ളവരെ മുഴുവന്‍ പുച്ഛത്തോടെ മാത്രം നോക്കി നടക്കുന്ന ചില നാറിയുന്മാരും ഉണ്ട് ആന്തൂര്‍ ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങളില്‍........ ബാങ്കിന്റെയും മറ്റ് പ്രസിഡന്റ് സ്ഥാനം കാലാ കാലങ്ങളായി കൈയില്‍ വച്ച് AC കാറില്‍ നടന്ന് തിന്ന് കൊഴ്ത്ത് നടക്കുന്ന ചിലവന്മാര്‍ ഉണ്ടലോ.....അടുത്ത ടി. കെ ഗോവിന്ദന്‍ ആവാന്‍ വേണ്ടി നടക്കുന്നവന്‍. ഞങ്ങള്‍ക്ക് ഉറപ്പാണ് സഖാവേ ഈ പറഞ്ഞിരിക്കുന്ന പ്രസിഡന്റ്‌റ് സ്ഥാനവും AC കാറും എല്ലാം പോയി കഴിഞ്ഞാല്‍ മറ്റൊരു ടി. കെ ഗോവിന്ദന്‍ ആവും അയാള്‍ എന്ന്.
തനിക് മേലെ ആരും പാടില്ലെന്ന് ഉറപ്പിച്ച് അങ്ങനെ വരുന്നവരെയെല്ലാം ഒതുക്കി.. പിന്നില്‍ നിന്നും കുത്തി, ഇല്ലാതെ ആകുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഒരു ഉളുപ്പും ഇല്ലാത്തവന്‍. ഒരാള്‍ക്ക് ഒരു തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്നത് പറഞ്ഞു കൊടുക്കാന്‍ തയ്യാറാവാതെ AC കാറില്‍ യാത്ര ചെയ്ത് ചന്തിക്ക് വന്ന തഴമ്പും പൊക്കി പിടിച്ച് ഞാന്‍ ആണ് ആന്തൂരിലെ പാര്‍ട്ടി എന്ന് പറഞ്ഞ് നടക്കുന്ന ചില ഗീര്‍ വാണം ടീംസ് ഉണ്ട്.
അവന്മാരെയൊക്കെ എന്ന് ഒതുക്കി നിര്‍ത്താന്‍ പാര്‍ട്ടി പഠിക്കുന്നോ അന്നു ഈ വോട്ട് ചോര്‍ച്ച നില്‍ക്കും.
നാട്ടില്‍ ഒരു പരിപാടി നടക്കുമ്പോള്‍ അതില്‍ വ്യകതിപരമായ കാരണങ്ങള്‍ കൊണ്ട് അടിയും വഴക്കും ഉണ്ടാവുകയും പോലീസ് കേസ് ആവുകയും ചെയ്താല്‍ പ്രസ്തുത വിഷയത്തില്‍ ചുമതലയില്‍ ഇരുന്ന ഈയാള്‍ പോലീസ് കാരോട് അവരൊക്കെ ബിജെപി ക്കാര്‍ ആണെന്ന് പറഞ്ഞ് തരം താണ രാഷ്ട്രീയ ചെറ്റ തരം കാണിക്കുന്ന ഇവന്മാരെ പോലെ ഉള്ള നേതാക്കള്‍ ആണ് ആന്തൂരില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപി ക്ക്വളം നല്‍കുന്നത്.
തന്റെ കയ്യിലിരിപ്പ് നല്ലതല്ലാത്തത് കൊണ്ട് തനിക്കെതിരെ ഈ നാട്ടിലെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന യുവാക്കള്‍ തിരിഞ്ഞാല്‍ അവര്‍ പാര്‍ട്ടിക്കെതിരെ ആണെന്ന് പറഞ്ഞ് ഉണ്ടാക്കി അവരെ പുറത്താക്കാന്‍ ഉള്ള കാര്യങ്ങള്‍ ചെയുക ആണ് പല തന്തക്ക് പിറന്ന ഈ നേതാവിന്റെ പരിപാടി. അതിന്റെ ഇരകള്‍ ഇപ്പോഴും പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്ത് പോയിട്ട് അവിടെ ആന്തൂരില്‍ കിടപ്പുണ്ട്.
ഇങ്ങനെയൊക്കെ ആണ് കാര്യങ്ങള്‍ എങ്കിലും പുതു തലമുറയില്‍ പെട്ട മെമ്പര്‍മാര്‍ക്ക് തെറ്റുകള്‍ പറ്റിയാല്‍ അത് തിരുത്താന്‍ പറഞ്ഞു തരുന്ന സഖാകളും അവിടെ ഉണ്ട്. സൗമ്യമായ പെരുമാറ്റവും എല്ലാംകൊണ്ടും ഈ നാട്ടിലെ പാര്‍ട്ടിയുടെ മുഖമായി മാറിക്കൊണ്ടിരിക്കുന്ന സഖാവേ എന്ന് വിളിക്കാന്‍ അന്നും ഇന്നും തോന്നുന്ന ചിലര്‍ പേരെടുത്ത് പറയുകയാണെങ്കില്‍ സ. കെ. പി. ആര്‍ മുതല്‍ സ. പ്രേമന്‍ മാഷും, സ. ബാബുരാജും, സ. എം കെ നാരായണനും സ. ശിവദാസേട്ടനും ഉള്‍പ്പെടെ ഉള്ളവര്‍......
അവരെയൊക്കെ ഓര്‍ത്ത് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിഫലം ആവാതെയിരിക്കാന്‍ ഇത്രയും നെറികേടുകള്‍ വെള്ളയും വെള്ളയും ഇട്ട് നടന്ന് ഒരു തുള്ളി വിയര്‍പ്പ് പോലും ഒഴുകാന്‍ ഇപ്പോള്‍ തയാറാവാത്ത നേതാവെന്ന് സ്വയം പറഞ്ഞു നടക്കുന്നവന്റെ മുഖം മറന്ന് ഞങ്ങളെ പോലെ ഉള്ളവര്‍ ഈൗ പാര്‍ട്ടിക്ക് വോട്ട് ചെയുന്നത്.
മുകളില്‍ പറഞ്ഞവനെ പോലെ ഉള്ളവന്മാര്‍ ആണ് സഖാവേ ആന്തൂരിലെ പാര്‍ട്ടിയുടെ നാശത്തിന് കാരണമാവുന്നവന്‍. തിരുത്തപ്പെടേണ്ടത് തിരുത്ത പെടണം. ചേര്‍ത്ത് നിര്‍ത്തേണ്ടത്ത് ചേര്‍ത്ത് നിര്‍ത്തണം. ഇല്ലെങ്കില്‍ നേരിടാന്‍ പോകുന്നത് വലിയ തിരിച്ചടികള്‍ ആയിരിക്കും. അഹംഗരത്തിനുള്ള തിരിച്ചടി.
ഇവിടെ ആരും ബിജെപി യായി ജനിക്കുന്നില്ല... ഇവിടെ ഉള്ള ചില നേതാക്കളുടെ പ്രവര്‍ത്തനവും വായിലെ നാവും ആണ് അവരെ മറ്റ് രാഷ്ട്രീയത്തിലേക്ക് പോകുവാന്‍ പ്രേരിപ്പിക്കുന്നത്.
'പാര്‍ട്ടിയോട് അല്ല സഖാക്കളെ ഇവിടെ പലര്‍ക്കും കലഹം ഇവിടെ പലര്‍ക്കും കലഹം ഇവനെ പോലെ ഉള്ള നേതാക്കന്മാരോട് ആണ്. അവരെ ആണ് സഖാക്കളെ നിങ്ങള്‍ തിരുത്താനുള്ള ശാസനം നല്‍ക്കേണ്ടത്.'
ഇതിവിടെ എഴുതിയ ഞങ്ങളെ പാര്‍ട്ടി വിരുദ്ധര്‍ ആകുന്നതിന് മുമ്പ് ഈ കഴിഞ്ഞ ഇലക്ഷന്‍ ഏതൊരു ലോക്കല്‍ കമ്മിറ്റി എടുക്കുന്നതിലും കൂടുതല്‍ പണി നവമധ്യത്തില്‍ എടുത്തവര്‍ ആണ് ഞങ്ങള്‍ എന്ന ഓര്‍മ്മ നിങ്ങളില്‍ ഉണ്ടാവണം.
വിമര്‍ശനം അതാത് ഘടകത്തില്‍ ആണ് പറയേണ്ടതെന്ന് പറയാന്‍ വരുന്നവരോട് അങ്ങനെ പറയാന്‍ ഒരു ഘടകം ഇപ്പോ ഇല്ല. നേരത്തെ സൂചിപ്പിച്ച വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചുകൊണ്ട് വരുന്ന നേതാവ് എന്ന് പറയുന്നവന്‍ പങ്കെടുത്ത ബ്രാഞ്ച് ഞങ്ങളെ ആ ബ്രാഞ്ച് പോലും അറിയിക്കാതെ മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്താക്കിയതാണ്.
തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടണം.
ചേര്‍ത്ത് നിര്‍ത്തേണ്ടവരെ ചേര്‍ത്ത് നിര്‍ത്തണം.
അതിന് തയ്യാറാവത്തിടത്തോളം മറ്റ് രാഷ്ട്രീയ വര്‍ഗീയ പാര്‍ട്ടികള്‍ ആന്തൂരില്‍ വളരാനുള്ള സാഹചര്യം ഉണ്ടാവും
തുടരും.....