തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ കലഹം  ;  പിണറായിക്കെതിരെ രൂക്ഷവിമർശനം , എംവി ഗോവിന്ദനെ മാറ്റണമെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും ആവശ്യം

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ വിവിധ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിലും, ആലപ്പുഴയിലും സംസ്ഥാന നേതൃത്വത്തിന് നേരെ രൂക്ഷമായ  വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത് .

 


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ വിവിധ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിലും, ആലപ്പുഴയിലും സംസ്ഥാന നേതൃത്വത്തിന് നേരെ രൂക്ഷമായ  വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത് . ഉടുമ്പൻചോലയിൽ എംഎം മണിയെ സ്ഥാനാർത്ഥിയാക്കാത്തത് സംസ്ഥാന നേതൃത്വം ഇടപെട്ടാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിക്കാൻ എംഎം മണിയെ മാറ്റിയത് തിരിച്ചടിയായെന്നും വിമർശനമുണ്ടായി.

മറ്റുള്ളവർക്ക് രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയപ്പോഴും എംഎം മണിയെ തഴഞ്ഞു. ഇത് ആളുകൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായി. ഉടുമ്പൻചോലയിലെ തോൽവിക്ക് എസ് ഐ ആർ ഉം കാരണമായി. കേരള കോൺഗ്രസ്‌ വോട്ടുകൾ ചോർന്നതാണ് റോഷി അഗസ്റ്റിന്റെ തോൽവിയിലേക്ക് നയിച്ചത്. പീരുമേട്ടിൽ ചില സിപിഐ നേതാക്കൾ വിട്ടു നിന്നെന്നും ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു.

 സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ കണ്ണൂർ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ച് വിടണമെന്നാണ് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിൽ തകർന്നടിയാൻ കാരണം കണ്ണൂർ പാർട്ടിയിലെ പ്രശ്നങ്ങളാണ്. എംവി ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യമുയർന്ന യോ​ഗത്തിൽ പിണറായി ശൈലിക്കെതിരെയും അതിരൂക്ഷ വിമർശനമാണ് ഉണ്ടായത്.