ഇഡി റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് സംഘർഷാവസ്ഥ; റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം, ഇ ഡി ഉദ്യോഗസ്ഥർക്ക് പരിക്ക്
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകർ ഹെല്‍മെറ്റും കല്ലും എറിഞ്ഞു. ആക്രമണത്തിൽ ഇ ഡി ഉദ്യോഗസ്ഥന് പരിക്കേറ്റു. പിന്നീട് മുതര്‍ന്ന നേതാക്കളായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെത്തിയാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്.
തിരുവനന്തപുരം: സിഎംആർഎൽ. - എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിലും, മരുമകനും മുൻ മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ മിന്നൽ പരിശോധനകൾ പൂർത്തിയായി. എന്നാൽ പരിശോധന കഴിഞ്ഞ് തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ സി.പി.എം. പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഉദ്യോഗസ്ഥർ സഞ്ചരിച്ച രണ്ട് വാഹനങ്ങളുടെയും ഗ്ലാസുകൾ പ്രതിഷേധക്കാർ അടിച്ചുതകർത്തു. അക്രമാസക്തരായ പ്രവർത്തകരെ പോലീസ് തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് പോലീസും സിപിഎം പ്രവർത്തകരും തമ്മിൽ വലിയ തോതിൽ ഏറ്റുമുട്ടി. തുടർന്ന് സിപിഎം.ജനറൽ സെക്രട്ടറി എംഎ ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
കണ്ണൂരിൽ പിണറായി വിജയന്റെ വീടിന് മുന്നിൽ പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം. പ്രവർത്തകർ കൂട്ടത്തോടെ കൂവിവിളിച്ചാണ് നേരിട്ടത്. കോഴിക്കോട് കോട്ടൂളിയിൽ മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പ്രവർത്തകർ മണിക്കൂറുകളോളം തടഞ്ഞുവെച്ച് വലിയ രീതിയിൽ പ്രതിഷേധിച്ചു. അതേസമയം, കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടിൽ നിന്നും കുറ്റകരമായ യാതൊരുവിധ രേഖകളും പരിശോധനാ സംഘം കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ ഔദ്യോഗികമായി എഴുതി നൽകിയതായി സിപിഎം നേതാവ് എംവി ജയരാജൻ അറിയിച്ചു. കണ്ണൂരിലെ പരിശോധനകൾക്ക് ഇഡി.അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് സൗഭരി, ചിരാഗ് യാദവ്, തരുൺ കുമാർ ബച്ചർ എന്നിവരടങ്ങുന്ന ആറംഗ സംഘമാണ് നേതൃത്വം നൽകിയത്.