മാസപ്പടി കേസില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

കൈകള്‍ ശുദ്ധമെന്നും ഇനിയും അത് അങ്ങനെ തന്നെയായിരിക്കും എന്നും പറഞ്ഞാണ് മകള്‍ക്കെതിരായ അന്വേഷണത്തെയും തുടര്‍ നീക്കങ്ങളെയും പിണറായി തള്ളുന്നത്.

 

ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടാനും അണികളോട് വിശദീകരിക്കാനുമാണ് സിപിഎമ്മിന്റെ തീരുമാനം.

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം. കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും. വൈകിട്ട് മുതലക്കുളത്ത് നടക്കുന്ന പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖില്‍, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് നന്ദുലാല്‍ എന്നിവരുടെ വീട്ടിലും സ്ഥാപനത്തിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായി നേരിടാനും അണികളോട് വിശദീകരിക്കാനുമാണ് സിപിഎമ്മിന്റെ തീരുമാനം.

മാസപ്പടി ആരോപണത്തില്‍ എന്ത് അന്വേഷണവും ഇഡിക്ക് നടത്താമെന്നായിരുന്നു പിണറായി വിജയന്‍ നേരത്തെയും പ്രതികരിച്ചിരുന്നത്. ആരോപണം ഹവാലയിലേക്ക് നീളുമ്പോഴാണ് അന്വേഷണ ഏജന്‍സിക്കെതിരെ പിണറായി വിജയന്റെ അതിശക്ത വിമര്‍ശനം. സ്ഥാപനത്തിനും വ്യക്തികള്‍ക്കും എതിരായ ആരോപണങ്ങളുടെ അന്വേഷണം പരിധികള്‍ ലംഘിക്കുന്നു എന്ന നിലപാടാണ് പാര്‍ട്ടിക്കും. നേതാക്കളേയും അവരുമായി ബന്ധപ്പെട്ടവരേയും ലക്ഷ്യമിട്ട് നടക്കുന്ന പരിശോധനകള്‍ രാഷ്ട്രീയ പകപോക്കലാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നുമാണ് സിപിഎം നിലപാട്.