തോമസ് കെ തോമസിന് നിരാശ,
എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരും; പിന്തുണച്ച് സിപിഐഎം 

 

എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്ന് സിപിഐഎം തീരുമാനം. സംസ്ഥാനത്തെ പാര്‍ട്ടിയുടെ നിലപാട് പൊളിറ്റ് ബ്യൂറോ കോ- ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനെ അറിയിക്കുകയായിരുന്നു. എന്തുകൊണ്ട് തോമസ് കെ തോമസിനെ മന്ത്രിയാക്കി ആക്കാന്‍ കഴിയില്ലെന്ന കാര്യം മുഖ്യമന്ത്രിയും കാരാട്ടിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

സിപിഐഎം കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി തോമസ് കെ .തോമസിനെ മന്ത്രിസഭയില്‍ എത്തിക്കാന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ കിണഞ്ഞു ശ്രമിക്കുകയാണ്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ച് പി ബി കോ- ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സിപിഐഎം സംസ്ഥാന നേതൃത്വത്തോട് സംസാരിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് തോമസ് കെ . തോമസിന്റെ വഴിയടച്ചുകൊണ്ടുള്ള തീരുമാനം വന്നത്. എ കെ ശശീന്ദ്രനെ മാറ്റേണ്ടെന്ന നിലപാടാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചത്. ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് സിപിഐഎം വിലയിരുത്തല്‍. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നുകണ്ട എന്‍സിപി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാന്‍ ശരത് പവാര്‍ വഴി പാര്‍ട്ടി ദേശീയ നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പി സി ചാക്കോ ശ്രമിച്ചതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.