വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല : രമേശ് ചെന്നിത്തല
വർഗീയത ആളിക്കത്തിച്ചു കൊണ്ട് പാലക്കാട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയവും വിഷലിപ്തവുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: വർഗീയത ആളിക്കത്തിച്ചു കൊണ്ട് പാലക്കാട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയവും വിഷലിപ്തവുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.എന്തൊക്കെ ചെയ്താലും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഉജ്ജ്വല വിജയത്തെ തടയാൻ സിപിഎമ്മിനൊ ബിജെപി ക്കോ ആവില്ല.
സിപിഎമ്മിനെ പോലുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്തത്ര തരംതാണ നടപടികളാണ് അവർ എടുത്തു കൊണ്ടിരിക്കുന്നത്. ഇതൊന്നും കൊണ്ട് പാലക്കാട് യുഡിഎഫിനെ പരാജയപ്പെടുത്താൻ ആവില്ല. രണ്ട് പത്രങ്ങളിൽ വിഷലിപ്തമായ പരസ്യം നൽകി ബിജെപിയെ സഹായിക്കുകയാണ് സിപിഎം. രണ്ടു കൂട്ടരും തമ്മിലുള്ള അന്തർധാര മറനീക്കി പുറത്തുവന്നു പരസ്യമായിരിക്കുന്നു.
ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതകൾ മാറിമാറി കത്തിക്കാൻ ശ്രമിക്കുകയാണ് സിപിഎം. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചെങ്കിൽ ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ താലോലിക്കാൻ ശ്രമിക്കുകയാണ്. പാണക്കാട് തങ്ങളെപ്പോലെ ബഹുമാന്യനായ ഒരു വ്യക്തിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് പറയാൻ പാടില്ലാത്തതാണ്.
ഭൂരിപക്ഷ വർഗീയതയ്ക്ക് വളമിട്ടു കൊടുക്കുന്ന സിപിഎമ്മിന്റെ ശ്രമം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അവർ ചുട്ട മറുപടി നൽകും. പാലക്കാട് എത്ര ശ്രമിച്ചാലും ബിജെപിയോ സിപിഎമ്മും ജയിക്കാൻ പോകുന്നില്ല. അവിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം സുനിശ്ചിതമാണ്.സന്ദീപ് വാര്യരെ കുറിച്ച് കെ ബാലൻ മുമ്പ് പറഞ്ഞത് എന്താണ് എന്ന് എല്ലാവരും കേട്ടതാണ്. രണ്ട് കയ്യും നീട്ടി വാര്യരെ സ്വന്തം പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത ആളാണ് ഇപ്പോൾ മാറ്റി പറയുന്നത്. സ്വയം പരിഹാസ്യൻ ആവുകയാണ് ബാലൻ - ചെന്നിത്തല പറഞ്ഞു.