സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി യോഗം ഇന്ന്
പലതും തുറന്നു പറയുമെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിന്റെ ഭീഷണി നിലനിൽക്കെ, അദ്ദേഹത്തിനെതിരായ നടപടി തീരുമാനിക്കാൻ സി.പി.എം ജില്ല കമ്മിറ്റി യോഗം തിങ്കളാഴ്ച. കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്, സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.എൻ. വാസവൻ, സജി ചെറിയാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം.
പത്തനംതിട്ട: പലതും തുറന്നു പറയുമെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിന്റെ ഭീഷണി നിലനിൽക്കെ, അദ്ദേഹത്തിനെതിരായ നടപടി തീരുമാനിക്കാൻ സി.പി.എം ജില്ല കമ്മിറ്റി യോഗം തിങ്കളാഴ്ച. കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്, സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.എൻ. വാസവൻ, സജി ചെറിയാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുന്ന കടുത്ത നടപടിയുണ്ടാകുമോ, സസ്പെൻഷനിൽ ഒതുങ്ങുമോ എന്നാണ് അറിയാനുള്ളത്.
നടപടി സംബന്ധിച്ച് ജില്ല കമ്മിറ്റി അംഗങ്ങൾക്കിടയിൽ ഭിന്നാഭിപ്രായമുള്ളതായാണ് സൂചന. പാർട്ടി സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്തിയിരുന്ന പത്മകുമാറിനെ അംഗത്വം പുതുക്കാതെ സ്വാഭാവികമായി പുറത്തുകളയാനായിരുന്നു നീക്കം. എന്നാൽ, ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്ത പത്മകുമാറിനെതിരെ നടപടിയെടുക്കാതിരുന്നത് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന വിലയിരുത്തൽ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതോടെ നടപടിയെടുക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.
കേസിൽ കുടുങ്ങുമ്പോൾ പത്മകുമാർ ജില്ല കമ്മിറ്റി അംഗമായിരുന്നു. നടപടിവേണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് പാർട്ടി, അദ്ദേഹം ആവശ്യപ്പെടാതെതന്നെ അംഗത്വം പുതുക്കി നൽകിയത്. പുറത്താക്കലെന്ന കടുത്ത നടപടിയുണ്ടായാൽ പത്മകുമാർ പലതും തുറന്നു പറയുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഇതുസംബന്ധിച്ച് പരസ്യമായ ഒരു പ്രതികരണവും അദ്ദേഹത്തിൻറെ ഭാഗത്തുനിന്ന് ഇതുവരെയുണ്ടായിട്ടില്ല. എന്നാൽ, ആത്കഥ എഴുതുന്നതടക്കം പല വിവരങ്ങളും ഒന്നിന് പിറകെ ഒന്നായി പുറത്തുവരുമ്പോഴും നിഷേധിക്കാതെ അദ്ദേഹം മൗനം പാലിക്കുകയാണ്.
ആത്മകഥയിൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തിലടക്കം നേതാക്കൾക്കെതിരെ പാർട്ടിയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണ് പറയുന്നത്. ഇത് സമ്മർദ തന്ത്രമായും വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ, നടപടി ദുർബലമായ സസ്പെൻഷനിൽ ഒതുങ്ങിയാൽ അത് പത്കുമാറിനെ ഭയന്നാണെന്ന വിമർശനം പാർട്ടി കേൾക്കേണ്ടിവരും.