തളിപറമ്പിലെ തോൽവി നേതൃത്വം ഏറ്റെടുക്കണം: വിമർശനവുമായി ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ തുറന്നടിച്ച് അംഗങ്ങൾ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ വിമർശനം. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഭാര്യയും തളിപറമ്പ് മണ്ഡലത്തിൽ തോറ്റ സ്ഥാനാർത്ഥിയുമായ പി കെ ശ്യാമള ,
പി കെ ശ്യാമള ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ലാത്ത നേതാവാണെന്നും തോൽവി മുൻകൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാർത്ഥിയെ മാറ്റിയില്ലെന്നുമാണ് ഏരിയാ കമ്മിറ്റിയിലെ ചില അംഗങ്ങൾ വിമർശിച്ചത്.
തളിപറമ്പ്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ വിമർശനം. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഭാര്യയും തളിപറമ്പ് മണ്ഡലത്തിൽ തോറ്റ സ്ഥാനാർത്ഥിയുമായ പി കെ ശ്യാമള , സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർക്കെതിരെയാണ് ഏരിയാ കമ്മിറ്റി അംഗങ്ങളിൽ ചിലർ അതിരൂക്ഷ വിമർശനവുമായി രംഗത്തുവന്നത്.
പി കെ ശ്യാമള ജനങ്ങൾക്കിടയിൽ സ്വീകാര്യതയില്ലാത്ത നേതാവാണെന്നും തോൽവി മുൻകൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാർത്ഥിയെ മാറ്റിയില്ലെന്നുമാണ് ഏരിയാ കമ്മിറ്റിയിലെ ചില അംഗങ്ങൾ വിമർശിച്ചത്. എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീരഭാഷ ഒന്നാണെന്നും അതേ ശൈലി തന്നെയാണ് ഗോവിന്ദന്റെ എംഎൽഎ ഓഫീസിലെ ജീവനക്കാർക്കുമെന്നുംകമ്മിറ്റി അംഗങ്ങളിൽ ചിലർ തുറന്നടിച്ചു. അവരുടെ ഇടപെടൽ വോട്ട് കൂട്ടാനല്ല സഹായിച്ചതെന്നും ഏരിയാ കമ്മിറ്റി വിലയിരുത്തി.മണ്ഡലത്തിൽ നടത്തിയഹാപ്പിനെസ് ഫെസ്റ്റിവൽ സംഘാടനത്തിൽ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടായെന്നും തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ ഗേഷിനും വിമർശനമുണ്ടായി. ജീവിതത്തിൽ ഇതുവരെ ബ്രാഞ്ച് സെക്രട്ടറി പോലുമാകാത്തയാൾ ജില്ലാ സെക്രട്ടറിയായതാണ് ജില്ലയിലെ പാർട്ടിയുടെ പരാജയത്തിന് കാരണമായതെന്നാണ് ഏരിയാ കമ്മിറ്റി അംഗങ്ങളിൽ ചിലർ നിരീക്ഷിച്ചു.
വോട്ടെടുപ്പ് കഴിഞ്ഞ ഉടൻതന്നെ തോൽക്കുമെന്ന് പി കെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. വോട്ടെടുപ്പിന് മുമ്പ് തന്നെ തോൽക്കുമെന്ന് പാർട്ടിക്ക് അറിയാമായിരുന്നില്ലേയെന്ന് ശ്യാമള ചോദിച്ചു. പാർട്ടിക്ക് അറിയാമായിരുന്നിട്ടും തന്നെ പറ്റിച്ച് സ്ഥാനാർഥിയാക്കിയെന്ന് ശ്യാമള പറഞ്ഞതായും എം വി ഗോവിന്ദൻ വെളിപ്പെടുത്തിയിരുന്നു. തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ടി കെ ഗോവിന്ദനോടാണ് പി കെ ശ്യാമള ടീച്ചർ പരാജയപ്പെട്ടത്. ടി കെ ഗോവിന്ദൻ 12,551 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ പി കെ ശ്യാമളയ്ക്ക് 78,788 വോട്ടാണ് ലഭിച്ചത്. 91,339 വോട്ട് ടി കെ ഗോവിന്ദന് ലഭിച്ചു. ആന്തൂർ, മോറാഴ, മയ്യിൽ, മലപട്ടം, തുടങ്ങിയ പാർട്ടി ഗ്രാമങ്ങളിലും സി പി എം വോട്ടുബാങ്കിൽ വിള്ളലുണ്ടായി.