30 വർഷത്തിന് ശേഷം സി. സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾ ജയിലിലേക്ക്, പാർട്ടി ഓഫിസിൽ യാത്രയയപ്പ് നൽകി സി.പി.എം നേതാക്കളും പ്രവർത്തകരും
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി.സദാനന്ദൻ എം.പിയെ വധിക്കാൻ ശ്രമിച്ച കേസിൽ മേൽ കോടതി ശിക്ഷ സ്ഥിരപ്പെടുത്തിയതിനെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കാനായി കോടതിയിൽ കീഴടങ്ങിയ പ്രതികൾക്ക് സി പി എം പ്രവർത്തകരും നേതാക്കളും യാത്രയയപ്പ് നൽകി.
മട്ടന്നൂർ : ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി.സദാനന്ദൻ എം.പിയെ വധിക്കാൻ ശ്രമിച്ച കേസിൽ മേൽ കോടതി ശിക്ഷ സ്ഥിരപ്പെടുത്തിയതിനെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കാനായി കോടതിയിൽ കീഴടങ്ങിയ പ്രതികൾക്ക് സി പി എം പ്രവർത്തകരും നേതാക്കളും യാത്രയയപ്പ് നൽകി.ജയിൽ ശിക്ഷ അനുഭവിക്കാനായി കോടതിയിൽ തിങ്കളാഴ്ച്ച ഹാജരായ പ്രതികൾക്ക് മട്ടന്നൂർ പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽവെച്ച് പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്നാണ് യാത്രയപ്പ് നൽകിയത്.യാത്രയയപ്പ് പരിപാടിയിൽ കെ കെ ശൈലജ എംഎൽഎയും നേതാക്കളും പങ്കെടുത്തു.
തുടർന്ന് മുദ്രാവാക്യം വിളികളോടെ തലശേരി കോടതി വളപ്പിലും അവിടുന്ന് കണ്ണൂർ സെൻട്രൽ ജയിലേക്ക് കൊണ്ടുപോയപ്പോൾ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ പിൻതുടർന്ന് ജയിൽ കവാടത്തിലുമെത്തി. ആവേശകരമായ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ ശിക്ഷിക്കപ്പെട്ടവർ ജയിലിനകത്തേക്ക് കയറിയത്. നേരത്തെ ഈ കേസിൽ പ്രതികളായ സി.പി.എം പ്രവർത്തകരുടെ അപ്പീൽ, ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു .തുടർന്ന് വിചാരണ കോടതിയായ തലശ്ശേരി അസി. സെഷൻസ് ജഡജ് പ്രതികൾക്ക് കോടതിയിൽ നേരിട്ട് ഹാജരാവാനായി നോട്ടീസ് നൽകിയിരുന്നു. നോട്ടീസ് പ്രകാരം ഹാജരാക്കേണ്ട അവസാന തീയതി ഇന്നായിരുന്നു.ഇതേ തുടർന്നാണ് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായത്.
കോടതി പ്രതികളെ റിമാൻഡ് ചെയ്തു ജയിലിലേക്ക് അയച്ചു. 1994 ജനുവരി 25 നായിരുന്നു ഉരുവച്ചാലിൽ ബസിറങ്ങി നടക്കവെ രാത്രി 8.30 ന് അന്നത്തെ ആർ.എസ്.എസ്. ജില്ലാ സഹ കാര്യവാഹായ സി സദാനന്ദൻ്റെരണ്ടു കാലും സി.പി.എം പ്രവർത്തകർവെട്ടി മാറ്റിയത്. ഇതിന് പകരമായി ജനുവരി 26 ന് അർദ്ധരാത്രി തൊക്കിലങ്ങാടിയിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കെ.വി സുധീഷിനെ മാതാപിതാക്കളുടെ മുൻപിൽ വെച്ചു വീട്ടിൽ കയറി അതിക്രൂരമായി ആർ.എസ്. എസ് പ്രവർത്തകർ വെട്ടിക്കൊന്നിരുന്നു. ഇതിനു ശേഷം മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ കുത്തുപറമ്പ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി കൊല്ലപ്പെട്ടു.