വിധവ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന്  പരാതി; സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ

വിധവ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന പരാതിയിൽ സിപിഎം നേതാവും ബാങ്ക് ജീവനക്കാരനുമായ കെ.ടി. നൗഫലിനെ സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലെ ജീവനക്കാരനായ നൗഫൽ സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമാണ്. മൂർക്കനാട് സ്വദേശിനിയായ വീട്ടമ്മയുടെ 10 മാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് നൗഫൽ കൈപ്പറ്റിയതെന്നാണ് പരാതി.

 

മലപ്പുറം: വിധവ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന പരാതിയിൽ സിപിഎം നേതാവും ബാങ്ക് ജീവനക്കാരനുമായ കെ.ടി. നൗഫലിനെ സസ്പെൻഡ് ചെയ്തു. പെരിന്തൽമണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലെ ജീവനക്കാരനായ നൗഫൽ സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമാണ്. മൂർക്കനാട് സ്വദേശിനിയായ വീട്ടമ്മയുടെ 10 മാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് നൗഫൽ കൈപ്പറ്റിയതെന്നാണ് പരാതി. നവംബർ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ പെൻഷൻ തുകയാണ് നഷ്ടമായത്. പെൻഷൻ ലഭിക്കുന്നില്ലെന്ന് വീട്ടമ്മ പലതവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് പെൻഷൻ അനുവദിച്ചിട്ടില്ലെന്നായിരുന്നു നൽകിയിരുന്ന വിശദീകരണം.

തുടർന്ന് രേഖകൾ പരിശോധിച്ചപ്പോഴാണ് പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയതായി കണ്ടെത്തിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നൗഫൽ 18,000 രൂപ തിരിച്ചടച്ചതായാണ് വിവരം. കൊളത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ബാങ്ക് നൗഫലിനെ സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ പാർട്ടി തലത്തിലും സിപിഎം നടപടി സ്വീകരിച്ചു. നൗഫലിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കി. ബാങ്ക് ജീവനക്കാർ വഴി പെൻഷൻ വിതരണം നിർത്താനുള്ള തീരുമാനത്തിനെതിരെ സിപിഎം നടത്തിയ സമരത്തിനും നൗഫൽ നേരത്തെ നേതൃത്വം നൽകിയിരുന്നു. മൂർക്കനാട് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സമരം.