ആരാ നിങ്ങടെ സ്ഥാനാർത്ഥി; കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാരെന്ന് കാത്തിരുന്ന് സി.പി.എം

 

കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാരെന്ന് അറിഞ്ഞിട്ടു മാത്രം തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയുള്ളു വെന്ന തന്ത്രവുമായി സി.പി.എം.കോൺഗ്രസ് മുതിർന്ന നേതാക്കളെ സ്ഥാനാർത്ഥിയാക്കിയാൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. 

കോൺഗ്രസിനായി സിറ്റിങ് എംപി കെ.സുധാകരൻ പേരാവൂർ മണ്ഡലം എം.എൽ.എ സണ്ണി ജോസഫ് എന്നിവരെ കളത്തിലിറക്കുകയാണെങ്കിൽ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.കെ.ശ്രീമതി, കെ.കെ ശൈലജ എം.എൽ.എ എന്നിവർ കളത്തിലിറങ്ങിയേക്കും. എന്നാൽ കോൺഗ്രസ് പുതുമുഖങ്ങളായ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.ജയന്ത് , എ.ഐ.സി.സി വക്താവ്  ഷമാ മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി അബ്ദുൾ റഷീദ്, മുൻ മേയർ ടി.ഒ.മോഹനൻ, റിജിൽ മാക്കുറ്റി, അമൃതാ രാമകൃഷ്ണൻ എന്നിവരിൽ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കുകയാണെങ്കിൽ സി.പി.എമ്മും  പുതുമുഖങ്ങളെ പരീക്ഷിച്ചേക്കും. 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ, ഡി.വൈ. എഫ്. ഐ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ സനോജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ മുൻ എം.എൽ എ ടി വി രാജേഷ് എന്നിവരിൽ ഒരാളെ സി.പി.എം കളത്തിലിറക്കിയേക്കും.