ശബരിമല സ്വര്‍ണക്കൊള്ള ക്കേസ്; എ പത്മകുമാറിനെതിരെ നടപടി സ്വീകരിച്ച് മുഖം രക്ഷിക്കാൻ സിപിഎം; പാര്‍ട്ടി നടപടിയിൽ ഇന്ന് തീരുമാനമാകും
പത്മകുമാറിനെതിരായ പാര്‍ട്ടി നടപടിയിൽ ഇന്ന് തീരുമാനമാകുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് വിഷയമായി ശബരിമല സ്വർണ്ണകൊള്ളക്കേസ് നിലനിൽക്കുമ്പോൾ കേസില്‍ അറസ്റ്റിലായ സി പി എം നേതാവ് എ പത്മകുമാറിനെതിരെ നടപടി സ്വീകരിച്ച് മുഖം രക്ഷിക്കാനാണ് പാർട്ടിയുടെ നീക്കം. പത്മകുമാറിനെതിരായ പാര്‍ട്ടി നടപടിയിൽ ഇന്ന് തീരുമാനമാകുമെന്നാണ് വിവരം. പാര്‍ട്ടി നടപടി പ്രഖ്യാപിക്കും മുമ്പേ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയത് ഏറെ ചര്‍ച്ചയായിരുന്നു.
പത്മകുമാറിനെ ഇതുവരെ പൂര്‍ണമായി തള്ളിക്കളയാനോ പൂര്‍ണമായി ഉള്‍ക്കൊള്ളാനോ തയ്യാറാകാത്ത പാര്‍ട്ടി ഇനി എന്ത് നിലപാടാകും ഇക്കാര്യത്തില്‍ എടുക്കുക എന്നത് വലിയ ആകാംക്ഷയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രം വന്നതിന് ശേഷമാകാം പത്മകുമാറിനെതിരായ നടപടിയെന്നാണ് മുന്‍പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. സ്വര്‍ണക്കൊള്ളയില്‍ വിശദീകരണം തേടി പാര്‍ട്ടി പത്മകുമാറിന് നോട്ടീസ് അയയ്ക്കുകയും തെറ്റ് ചെയ്തിട്ടില്ലെന്ന് പത്മകുമാര്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
കേസില്‍ അറസ്റ്റിലായി 105 ദിവസത്തിന് ശേഷമാണ് രണ്ടു കേസുകളില്‍ ജാമ്യം ലഭിച്ചതിനാല്‍ പത്മകുമാര്‍ പുറത്തിറങ്ങിയത്. ശബരിമല കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ്പ കേസിലുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്.