പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ് :  സിപിഐഎം കൗൺസിലർ വി കെ നിഷാദിന് പരോൾ

പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഐഎം കൗൺസിലർ വി കെ നിഷാദിന് പരോൾ. ഹൈക്കോടതിയാണ് നിഷാദിന് പരോൾ അനുവദിച്ചത്.

 


കൊച്ചി: പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സിപിഐഎം കൗൺസിലർ വി കെ നിഷാദിന് പരോൾ. ഹൈക്കോടതിയാണ് നിഷാദിന് പരോൾ അനുവദിച്ചത്. അഞ്ച് ദിവസത്തേക്കാണ് നിഷാദിന് കോടതി അടിയന്തര പരോൾ അനുവദിച്ചത്. മാതാവിന്റെ ചികിത്സാർത്ഥമാണ് പരോൾ അനുവദിച്ചത്.

2025 നവംബർ 25-നാണ് വി കെ നിഷാദിനെ കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചത്. ഒരുമാസം കഴിഞ്ഞ് ഡിസംബർ 26-ന് പരോൾ ലഭിച്ച് പുറത്തിറങ്ങി. പരോൾ 2026 ജനുവരി 11 വരെ നീട്ടി. തുടർന്ന് വീണ്ടും 15 ദിവസത്തേക്ക് കൂടി പരോൾ നീട്ടിയിരുന്നു. ഇതോടെ ഒരു മാസം ജയിലിൽ കിടന്ന നിഷാദിന് ഒരു മാസം പരോളും ലഭിച്ചു. അച്ഛന്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് നിഷാദ് ആദ്യം പരോളിന് അപേക്ഷിച്ചത്. പിന്നീട് ഭാര്യയുടെ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പരോളിന് അപേക്ഷിച്ചത്. ഫെബ്രുവരിയിൽ ഏഴ് ദിവസത്തേക്ക് പരോൾ ലഭിച്ചു. പരോളിലായിരുന്നപ്പോൾ വ്യവസ്ഥകൾ ലംഘിച്ച് വി കുഞ്ഞികൃഷ്ണനെതിരായ സിപിഐഎമ്മിന്റെ പ്രകടന പരിപാടിയിൽ നിഷാദ് പങ്കെടുത്തിരുന്നു.

ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ കൊമ്മൽവയലിൽ നിന്നും ജനവിധി തേടിയാണ് നിഷാദ് വിജയിച്ചത്. നാമനിർദേശപത്രിക സമർപ്പിച്ചതിന് ശേഷമായിരുന്നു കേസിലെ വിധിവന്നത്. അതിനാൽ തന്നെ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. പത്രികപിൻവലിക്കാനുള്ള അവസാനദിനത്തിലാണ് കേസിൽ നിഷാദിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ജയിലിൽ കിടന്നാണ് നിഷാദ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.