'മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന പോലെയാണ് സിപിഐഎം : രാഹുല്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ കെ സി

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന പോലെയുള്ള അബദ്ധമായേ സിപിഐഎമ്മിന്റെ രാഹുല്‍ വിരുദ്ധ പരാമര്‍ശങ്ങളെ കാണുന്നുള്ളുവെന്നുമാണ് കെ സി ഫേസ് ബുക്കില്‍ കുറിച്ചത്

 

രാജസ്ഥാനിലായാലും തമിഴ്നാട്ടിലായാലും രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി വിജയിച്ചവരാണ് ഇപ്പോള്‍ അദ്ദേഹത്തെ ഇ ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.

സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കെതിരെ സിപിഐഎം അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നെന്ന് ആരോപിച്ചാണ് കെ സി വേണുഗോപാല്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം അറിയിച്ചത്. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന പോലെയുള്ള അബദ്ധമായേ സിപിഐഎമ്മിന്റെ രാഹുല്‍ വിരുദ്ധ പരാമര്‍ശങ്ങളെ കാണുന്നുള്ളുവെന്നുമാണ് കെ സി ഫേസ് ബുക്കില്‍ കുറിച്ചത്. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ പാര്‍ട്ടിക്ക് യോഗ്യതയില്ലെന്നും കെ സി പറഞ്ഞു. രാജസ്ഥാനിലായാലും തമിഴ്നാട്ടിലായാലും രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി വിജയിച്ചവരാണ് ഇപ്പോള്‍ അദ്ദേഹത്തെ ഇ ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.


ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ല.മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത് പോലെയുളള അബദ്ധമായേ സിപിഎമ്മിന്റെ രാഹുല്‍ വിരുദ്ധ പരാമര്‍ശങ്ങളെ കാണുന്നുളളു, കേരളം വിട്ടാല്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പിന്തുണ കൊണ്ട് മാത്രം പാര്‍ലമെന്റില്‍ അംഗത്വം നിലനിര്‍ത്തുന്ന പാര്‍ട്ടിയായി മാറിയ സിപിഎം രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത് തികഞ്ഞ പരിഹാസ്യമാണ്. രാജസ്ഥാനിലായാലും തമിഴ്‌നാട്ടിലായാലും രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി വിജയിച്ചവരാണ് ഇപ്പോള്‍ അദ്ദേഹത്തെ ഇ ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്.

പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവാണ് രാജ്യത്തെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്നത് എന്നത് ജനാധിപത്യത്തിലെ അടിസ്ഥാന കാര്യമാണ്. ഈ വസ്തുത ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ, സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടുത്തുന്ന സി.പി.എം നേതൃത്വം രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ പോലും പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന അവരുടെ രാഷ്ട്രീയ അപകര്‍ഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നത്. കേരളത്തിലെ ദയനീയ പരാജയമാണ് സിപിഎമ്മിനെ കൊണ്ട് ഇതൊക്കെ പറയിക്കുന്നതെന്ന് രാഷ്ട്രീയം മനസിലാക്കുന്ന ആര്‍ക്കും മനസിലാകും. പരാജയത്തിന്റെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് പകരം രാഹുല്‍ ഗാന്ധിക്ക് മേല്‍ കുതിരകയറാന്‍ നിന്നാല്‍ ഇതിലും വലിയ പരാജയങ്ങളായിരിക്കും സിപിഎമ്മിനെ കാത്തിരിക്കുന്നത്.

ഇന്ത്യ മുന്നണി എന്നത് ബിജെപിയുടെ ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചെടുക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യില്‍ രൂപീകരിച്ച വിശാലമായ വേദിയാണ്.ബിജെപിയെ അധികാര ഭ്രഷ്ടരാക്കുക എന്ന ലക്ഷ്യത്തിലാണ് സഖ്യം രൂപപ്പെട്ടത്.സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിക്ക് സഖ്യ രൂപീകരണ ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായി ബോധ്യമുണ്ടായിരുന്നു. അധികാരത്തോടുള്ള ആര്‍ത്തി കൊണ്ടല്ല, മറിച്ച് തമിഴ്‌നാട്ടില്‍ ബിജെപി നടപ്പിലാക്കാന്‍ ശ്രമിച്ച രാഷ്ട്രപതി ഭരണം ഒഴിവാക്കാനും മതേതര സര്‍ക്കാര്‍ രൂപീകരിക്കാനും വേണ്ടിയാണ് കോണ്‍ഗ്രസ് അവിടെ ടി.വി.കെയുമായി തിരഞ്ഞെടുപ്പിന് ശേഷം സഹകരിച്ചത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഇതേ രാഷ്ട്രീയ നിലപാട് തന്നെയാണ് പിന്നീട് അവിടെ സിപിഎമ്മും പിന്തുടര്‍ന്നതെന്ന കാര്യം അവര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണ്. കോണ്‍ഗ്രസ് എക്കാലത്തും രാജ്യത്തിന്റെ പൊതുവായ വിശാല താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, സങ്കുചിതമായ കാഴ്ചപ്പാടുകളാണ് സിപിഎമ്മിനെ നയിക്കുന്നത്.

രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്ന ബി.ജെ.പിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് രാഹുല്‍ ഗാന്ധി നയിക്കുന്നത്. വ്യക്തിപരാമായി രാഹുല്‍ ഗാന്ധിതന്നെ അതിന്റെ ഇരയാണ്. എന്നാല്‍ ദേശീയതലത്തില്‍ ഒരു പൊതുനിലപാടില്ലാതെ, തങ്ങളുടെ സംസ്ഥാനങ്ങളിലെ പ്രാദേശിക അജണ്ടകള്‍ മാത്രം നോക്കുന്ന സങ്കുചിത രാഷ്ട്രീയമാണ് സി.പി.എം ഇന്ന് പയറ്റുന്നത്. ഈ ഇടുങ്ങിയ കാഴ്ചപ്പാട് കൊണ്ടാണ് ബംഗാളിലുള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് കാണുന്ന രൂപത്തില്‍ തകര്‍ന്നടിഞ്ഞത്. രാഹുല്‍ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം പാര്‍ട്ടിയുടെ ഈ തകര്‍ച്ചയെക്കുറിച്ച് ആത്മപരിശോധന നടത്താനാണ് സിപിഎം നേതാക്കള്‍ തയ്യാറാകേണ്ടത്.