രണ്ട് ഇതര മതസ്ഥരെ വഖഫ് ബോർഡിൽ വെക്കാം എന്ന് കോടതിയിൽ സർക്കാർ പറഞ്ഞിട്ടില്ല ; വഖഫ് ബോർഡ് കേസിൽ പിണറായിയെ തള്ളി പി.എം.എ സലാം
വഖഫ് ബോർഡ് കേസിൽ സർക്കാർ ഹരജിക്കാർക്കൊപ്പം ഒത്തുകളിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ ആരോപണം തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.
മലപ്പുറം: വഖഫ് ബോർഡ് കേസിൽ സർക്കാർ ഹരജിക്കാർക്കൊപ്പം ഒത്തുകളിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ ആരോപണം തള്ളി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പ്രതിപക്ഷ നേതാവ് കള്ളംപറയുകയാണ്. രണ്ട് ഇതര മതസ്ഥരെ വഖഫ് ബോർഡിൽ വെക്കാം എന്ന് കോടതിയിൽ സർക്കാർ പറഞ്ഞിട്ടില്ല. കേസിൽ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും പി.എം.എ സലാം പറഞ്ഞു. സാങ്കേതികവും നിയമപരവുമായ വ്യവസ്ഥകൾ പാലിച്ചല്ലാ രൂപീകരണം എന്നാണെങ്കിൽ അത് പരിശോധിക്കാം എന്ന് സർക്കാർ കോടതിയിൽ പറഞ്ഞിട്ടുണ്ട്. അല്ലാതെ രണ്ട് അമുസ്‌ലിംകളെ വെച്ചോളാമെന്ന് കോടതിയിൽ പറഞ്ഞിട്ടില്ല.
വഖഫ് ബോർഡിനെ സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ നാല് കേസുകളാണുള്ളത്. ഷിയാ സമുദായം തങ്ങളുടെ പ്രതിനിധിയെ വെച്ചിട്ടില്ല എന്ന് പറഞ്ഞ കേസുണ്ട്. ബോറ സമുദായം തങ്ങളുടെ പ്രതിനിധിയെ വെച്ചിട്ടില്ല എന്ന് പറഞ്ഞ കേസുണ്ട്. മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചിട്ടില്ല, സാങ്കേതികമായി ബോർഡിന്റെ രൂപീകരണം തെറ്റാണ് എന്ന് പറഞ്ഞ ഒരു കേസ് ഉണ്ട്. രണ്ട് അമുസ്‌ലിം പ്രതിനിധികളെ വെച്ചിട്ടില്ല എന്ന് പറഞ്ഞ് ഷോൺ ജോർജ് കൊടുത്ത കേസും ഉണ്ട്. ഇത് നാലും ഒന്നിച്ച് പരിഗണിച്ചാണ് ഹൈക്കോടതി വിചാരണ ആരംഭിച്ചത്.
തമിഴ്‌നാട്ടിൽ വഖഫ് ബോർഡ് പിരിച്ചുവിട്ടത് സംബന്ധിച്ച് സുപ്രിം കോടതിയിൽ അപ്പീൽ നിലനിൽക്കുന്നുണ്ട്. അതിന്റെ വിധികളൊക്കെ വരാനുണ്ട്. അതിനനുസൃതമായി രാജ്യത്തെ നീതിന്യായ വ്യവസ്ഥക്ക് അനുസരിച്ചുള്ള തീരുമാനങ്ങളാണ് കേരള സർക്കാർ ഇക്കാര്യത്തിൽ എടുക്കുക.
പാർലമെന്റിൽ ഈ ബില്ല് ചർച്ചയ്ക്ക് വന്നപ്പോൾ മുതൽ അതിശക്തമായ നിലപാട് ലീഗ് സ്വീകരിച്ചിട്ടുണ്ട്. ഒരു മതവിഭാഗത്തിന്റെയും മതപരമായ കാര്യങ്ങളിൽ മറ്റു മതവിഭാഗങ്ങൾക്ക് അവസരം കൊടുക്കുന്നത് ശരിയല്ല. ദേവസ്വം ബോർഡിൽ മുസ്‌ലിംകളെ വെക്കാൻ പറ്റില്ല, ചർച്ചുകളിൽ മറ്റു സമുദായങ്ങളെ വെക്കാൻ പറ്റില്ല, അതുപോലെതന്നെ വഖഫ് ബോർഡിൽ മുസ്‌ലിംകൾ അല്ലാത്തവർ വരുന്നത് ശരിയല്ല എന്ന വാദം അന്നും ഇന്നും എന്നും മുസ്‌ലിം ലീഗിന് ഉണ്ടാകുമെന്നും പി.എം.എ സലാം പറഞ്ഞു.