നടിയെ ആക്രമിച്ച കേസിൽ കോടതി വിധി തൃപ്തികരമല്ല, കോൺഗ്രസ് എന്നും അതിജീവിതക്കൊപ്പം : സണ്ണി ജോസഫ്
നടിയെ ആക്രമിച്ച കേസിൽ കോടതി വിധി തൃപ്തികരമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. എന്നും അതിജീവിതക്കൊപ്പമാണ് കോൺഗ്രസ് നിലയുറപ്പിച്ചത്.
കണ്ണൂർ : നടിയെ ആക്രമിച്ച കേസിൽ കോടതി വിധി തൃപ്തികരമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. എന്നും അതിജീവിതക്കൊപ്പമാണ് കോൺഗ്രസ് നിലയുറപ്പിച്ചത്. ഇനിയും പിന്തുണ തുടരും. പി.ടി. തോമസ് തുടക്കത്തിൽ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉമ തോമസ് അത് ആവർത്തിച്ചിട്ടുണ്ട്. ഞങ്ങൾ എല്ലാകാലത്തും അതിജീവിതയുടെ വേദനയിൽ പങ്കുചേരും -അദ്ദേഹം പറഞ്ഞു.
കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഗുഡാലോചന ഭാഗം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് കേസ് അന്വേഷിച്ച പൊലീസിന്റെയും കോടതിയിൽ അവതരിപ്പിച്ച പ്രോസിക്യൂഷൻറെയും ഗൗരവമേറിയ പരാജയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
‘വിധിയെക്കുറിച്ച് പ്രതികരിച്ച മന്ത്രി സജിചെറിയാൻ ഉരുണ്ടുകളിക്കുകയായിരുന്നു. സർക്കാറിന്റെ ഇരട്ടത്താപ്പാണ് മന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായത്. ഗൂഢാലോചനയില്ല, ഗൂഢാലോചനയിൽ പ്രതികളില്ല, അത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്നുവന്നാൽ പ്രോസിക്യൂഷൻ സ്റ്റോറി തന്നെ ആകെ പരാജയപ്പെട്ടിരിക്കുന്നു. കേസ് തന്നെ പരാജയമാണ്. സർക്കാറിന് ഒരിക്കലും സ്ത്രീപക്ഷം പറയാൻ പറ്റില്ല. ഇതേതുടർന്ന് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അവസ്ഥ എന്താണ്? മന്ത്രി പഠിച്ചിട്ടില്ല, ചിന്തിക്കും എന്നൊക്കെ പറയുന്നത് ഒഴികഴിവാണ്’ -സണ്ണി ജോസഫ് പറഞ്ഞു.
അതിനിടെ, നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതായി കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപ് ആരോപിച്ചു. ആരാണ് ഗൂഢാലോചന നടത്തിയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘നിങ്ങൾ ഒമ്പത് വർഷം പറഞ്ഞല്ലോ ചേട്ടാ, ഇനി ഞാൻ പറഞ്ഞോട്ടെ’ എന്നായിരുന്നു കോടതിയിൽനിന്ന് മടങ്ങുന്നതിനിടെ ദിലീപിന്റെ മറുപടി. കേസിൽ പ്രതിചേർത്ത പത്തിൽ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ദിലീപ് ഉൾപ്പെടെ നാല് പേരെ കുറ്റവിമുക്തരാക്കി.