നവകേരളയാത്രയിലെ രക്ഷാപ്രവർത്തനം; നിർണ്ണായക ചോദ്യങ്ങളുമായി കോടതി,ശനിയാഴ്ച വരെ അറസ്റ്റ് തടഞ്ഞു
നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിൽ നിർണ്ണായക ചോദ്യങ്ങളുമായി കോടതി. പ്രതികൾക്കെതിരെ എന്തിനാണ് ഇത്ര തിരക്കുപിടിച്ച് നരഹത്യാ കുറ്റം ചുമത്തിയതെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ഗുരുതരമായ മുറിവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലല്ലോ എന്നും കോടതി ചോദിച്ചു. കേസിന്റെ ഭാഗമായുള്ള പ്രധാന മർദന ദൃശ്യങ്ങൾ കോടതി നേരിട്ട് വിലയിരുത്തി.
കൊച്ചി: നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിൽ നിർണ്ണായക ചോദ്യങ്ങളുമായി കോടതി. പ്രതികൾക്കെതിരെ എന്തിനാണ് ഇത്ര തിരക്കുപിടിച്ച് നരഹത്യാ കുറ്റം ചുമത്തിയതെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ഗുരുതരമായ മുറിവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലല്ലോ എന്നും കോടതി ചോദിച്ചു. കേസിന്റെ ഭാഗമായുള്ള പ്രധാന മർദന ദൃശ്യങ്ങൾ കോടതി നേരിട്ട് വിലയിരുത്തി. എന്നാൽ സംഭവസമയത്ത് പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കിയതോടെ അതൃപ്തി രേഖപ്പെടുത്തിയ കോടതി, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചുവരുത്തി. കേസ് ശനിയാഴ്ച പരിഗണിക്കുന്നത് വരെ പ്രതികളായ ഗൺമാൻമാരുടെ അറസ്റ്റ് രേഖപ്പെടുത്തരുതെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം, ആലപ്പുഴയിലെ നവകേരള യാത്രയിലെ സുരക്ഷാ പ്രവർത്തനങ്ങൾക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച കേസിൽ ആരോപണവിധേയരായ ഗൺമാൻ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ പൊലീസിൽ ഉന്നത ഇടപെടലുണ്ടായതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കേസ് അട്ടിമറിക്കാൻ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഒന്നടങ്കം കൂട്ടുനിന്നതായും സംഭവസ്ഥലത്തുനിന്നുള്ള പ്രധാന തെളിവുകൾ പോലും നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള മർദ്ദനമാണ് അവിടെ അരങ്ങേറിയത്. സെഡ് പ്ലസ് സുരക്ഷാ കാറ്റഗറിയുള്ള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിലാണ് തങ്ങൾ ഇടപെടൽ നടത്തിയതെന്നായിരുന്നു ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർ മുൻപ് വാദിച്ചിരുന്നത്.