മോഷണ ശ്രമം തടഞ്ഞ ആത്മധൈര്യം; കള്ളനെ ഭയപ്പെടുത്തി സഫിയ

നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപം മുക്കാട്ട് വീട്ടില്‍ സഫിയ നൗഷാദിന്റെ (65) വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷ്ടാവ് എത്തിയത്.

 

 പത്തനംതിട്ട:  ആത്മധൈര്യം മുറുകെ പിടിച്ച് മോഷണ ശ്രമം തടഞ്ഞ  ഒരു വീട്ടമ്മയാണ് ഇപ്പോൾ താരമായിരിക്കുന്നത്. നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപം മുക്കാട്ട് വീട്ടില്‍ സഫിയ നൗഷാദിന്റെ (65) വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷ്ടാവ് എത്തിയത്.കള്ളന്‍ ഉണ്ടെന്ന് മനസിലായതോടെ കിടപ്പുമുറിയിലെ എല്ലാ കുറ്റികളും ഇട്ടു. പൊലീസ് ഇപ്പോഴെത്തും എന്ന് വിളിച്ചു പറഞ്ഞതോടെ കള്ളന്റെ പൊടിപോലും പിന്നെ കണ്ടില്ല. സഫിയ തനിച്ചാണ് താമസം. ഞായറാഴ്ച പുലര്‍ച്ചെ ഉണര്‍ന്നു. ഫോണില്‍ നോക്കിയപ്പോള്‍ സമയം 2.20. പത്തുമിനിറ്റോളം ഉറക്കം വരാതെ കിടന്നു. പുറത്ത് ചില ശബ്ദങ്ങള്‍ കേട്ടു. രണ്ട് നിലവീടിന്റെ മുകളിലത്തെ നിലയിലാണ് സഫിയ കിടന്നിരുന്നത്. താഴത്തെ നിലയിലെ അലമാര തുറക്കുന്ന ശബ്ദം കേട്ടു. മോഷ്ടാവാണെന്ന് അപ്പോള്‍ തന്നെ മനസിലായി. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന മകളേയും മരുമകനേയും ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. 

ഉടനെ മുറിയിലെ എല്ലാ കുറ്റികളുമിട്ടു. മരുമകന്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.കിടന്നിരുന്ന ബെഡ്‌റൂമിന്റെ വാതിലിലെ ഹാന്‍ഡില്‍ തിരിയുന്നത് സഫിയ കണ്ടു. ഇപ്പം വരുമെടാ പൊലീസ്,നീ നില്‍ക്ക് എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. പിന്നെ പുറത്തെ അനക്കം കേള്‍ക്കാതായി. അരണമണിക്കൂറിനകം മകളും മരുമകനും പിന്നാലെ പൊലീസും സ്ഥലത്ത് എത്തി. അവര്‍ വന്നശേഷമാണ് മുറിയില്‍ സഫിയ പുറത്തേയ്ക്ക് ഇറങ്ങിയത്. താഴത്തെ അലമാരകള്‍ തുറന്ന നിലയിലായിരുന്നു. ഇവിടെ നിന്ന് കാര്യമായ വസ്തുക്കള്‍ മോഷണം പോയിട്ടില്ല. ഞായറാഴ്ച അന്തിച്ചന്തയില്‍ ആറ്റുമാലില്‍ വീട്ടിലും കവര്‍ച്ച നടന്നിരുന്നു. നെടുമ്പ്രം ഭാഗത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പത്ത് കവര്‍ച്ച നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.