കൊറോണ കാലത്ത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ള ; കെ സുരേന്ദ്രന്‍

 

തിരുവനന്തപുരം : മഹാമാരിയുടെ കാലത്ത് ലോകം വിറങ്ങലിച്ചു നില്‍കുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത് മനുഷ്യത്വമില്ലാത്ത കൊള്ളയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കൊവിഡ് കാല അഴിമതിയെ സംബന്ധിച്ച് ബിജെപി ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വെച്ച റിപ്പോര്‍ട്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയാണ് ഈ അഴിമതിയുടെ സൂത്രധാരന്‍ എന്ന് വ്യക്തമായിരിക്കുകയാണ്. മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നതെന്നും അദ്ദേഹം പറഞ്ഞു.

”സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ രൂക്ഷമായപ്പോള്‍ പിആര്‍ വര്‍ക്ക് കൊണ്ട് അത് മറച്ചുപിടിച്ച സര്‍ക്കാര്‍ അതിനെ മറപിടിച്ചു ദശകോടികളുടെ കുംഭകോണമാണ് നടത്തിയത്. കൂടുതല്‍ പണം കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ സര്‍ക്കാര്‍ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ സ്വന്തം കീശ നിറയ്ക്കുകയായിരുന്നു. ദുരിതങ്ങളെയും ദുരന്തങ്ങളെയും അഴിമതി നടത്താന്‍ ഉപയോഗിക്കുന്ന ലോകത്തിലെ ഏക ഭരണകൂടമാണ് പിണറായി വിജയന്റേത്.

പണം കുറച്ചു കോവിഡ് സാമഗ്രികള്‍ വിതരണം ചെയ്യാന്‍ തയ്യാറായ കമ്പനികളെ നോക്കുകുത്തികളാക്കിയാണ് ഇത്രയും വലിയ വില നല്‍കി ദുരൂഹമായ കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത്. കോവിഡ് കാലത്ത് ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാതെ അഴിമതിയില്‍ മാത്രമായിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധ”, കെ സുരേന്ദ്രന്‍ പറഞ്ഞു.