കൊല്ലത്ത് പൊലീസുകാരന്റെ ബൈക്ക് കത്തിച്ചത് വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ പകമൂലം ; ഗൂഗിള്‍ പേയിലൂടെ ഓട്ടോക്കാരന് പണം നല്‍കിയത് കേസില്‍ നിര്‍ണായകമായി 

ആരതിയുടെയും പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ വിവേകിന്റെയും വിവാഹം ഉറപ്പിച്ചിരുന്നതാണ്. പിന്നീട് വിവാഹം മുടങ്ങി.

 

തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിങ് ചെയ്യുന്നവരാണ് ഇരുവരും.

കൊല്ലം അഞ്ചലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച സംഭവത്തില്‍ പിടിയിലായത് രണ്ട് യുവതികള്‍. ശൂരനാട് സ്വദേശിനി ആരതി, സുഹൃത്ത് ഇടുക്കി സ്വദേശിനി ഗായത്രി എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്ത് എന്‍ട്രന്‍സ് കോച്ചിങ് ചെയ്യുന്നവരാണ് ഇരുവരും. ആരതിയുടെയും പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ വിവേകിന്റെയും വിവാഹം ഉറപ്പിച്ചിരുന്നതാണ്. പിന്നീട് വിവാഹം മുടങ്ങി. ഇതിലുളള വൈരാഗ്യത്തിലാണ് ആരതി വിവേകിന്റെ ബൈക്ക് കത്തിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതികള്‍ പിടിയിലായത്. കസ്റ്റഡിയിലിരിക്കെ ആരതി വിഷം കഴിച്ചു. ഇവര്‍ പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആറന്മുള സ്റ്റേഷനിലെ സിപിഒ വിവേകിന്റെ ബൈക്ക് കത്തിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് കത്തിയത്. രാഷ്ട്രീയപരമായ അക്രമമാണ് എന്ന് വരുത്തിതീര്‍ക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. പുനലൂര്‍ കോളേജിലെ കെഎസ്യു പ്രവര്‍ത്തകരെ മൂന്നുവര്‍ഷം മുന്‍പ് വിവേക് ഉള്‍പ്പെടെയുളള പൊലീസുകാര്‍ ലാത്തി ചാര്‍ജില്‍ മര്‍ദിച്ചിരുന്നു. അതിന്റെ വൈരാഗ്യത്തിലാണ് ബൈക്ക് കത്തിച്ചതെന്ന് വ്യക്തമാക്കുന്ന തരത്തില്‍ ഒരു കത്ത് ബൈക്കിന് സമീപത്തുനിന്നും ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
അതിനിടെയാണ് സമീപവാസിയായ ഒരാള്‍ പ്രദേശത്ത് പുലര്‍ച്ചെ അപരിചിതരായ സ്ത്രീകളെ കണ്ടതായി പറയുന്നത്. തുടര്‍ന്ന് ഇവര്‍ കയറിപ്പോയ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തുകയും ഓട്ടോക്കൂലി നല്‍കിയ ഗൂഗിള്‍ പേ നമ്പര്‍ കണ്ടെത്തുകയും ചെയ്തു. അങ്ങനെയാണ് പ്രതികളിലേക്ക് എത്തിയത്. ആരതിയും വിവേകും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞതായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ ഒത്തുപോകാനാകില്ലെന്ന സാഹചര്യത്തില്‍ വിവാഹത്തില്‍ നിന്ന് വിവേക് പിന്മാറുകയും നഷ്ടപരിഹാരമുള്‍പ്പെടെ കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയ വിവേകിനോടുളള പക ബൈക്ക് കത്തിക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു.