ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കായി പത്തുദിവസത്തെ പരിവര്‍ത്തന പരിപാടി; ബുധനാഴ്ചവരെ അപേക്ഷിക്കാം

ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് കൂടുതല്‍ അക്കാദമിക് മികവ് ആര്‍ജിക്കാനുള്ള 'അധ്യാപകപരിവര്‍ത്തന പരിപാടി'യിലേക്ക് ബുധനാഴ്ചവരെ അപേക്ഷിക്കാം
 

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് കൂടുതല്‍ അക്കാദമിക് മികവ് ആര്‍ജിക്കാനുള്ള 'അധ്യാപകപരിവര്‍ത്തന പരിപാടി'യിലേക്ക് ബുധനാഴ്ചവരെ അപേക്ഷിക്കാം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. വൈജ്ഞാനികരംഗത്തെ വികാസങ്ങള്‍ക്കൊപ്പം മുന്നേറാന്‍ അധ്യാപകരെ പിന്തുണയ്ക്കാനും സര്‍ഗാത്മകചിന്ത പ്രോത്സാഹിപ്പിക്കാനും തൊഴില്‍നൈപുണി വളര്‍ത്താനുമായി വിഭാവനംചെയ്തതാണ് ഈ പഠനപരിപാടി.


40 പേര്‍ക്കാണ് ഒരു കേന്ദ്രത്തിലെ ഒരു വിഷയത്തിന് പ്രവേശനം നല്‍കുന്നത്. മലയാളം, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്സ് എന്നീ വിഷയങ്ങള്‍ക്കാണ് ഈ വര്‍ഷം കോഴ്സ്. മികച്ച ബിരുദാനന്തരബിരുദ പഠനസൗകര്യമുള്ള സര്‍വകലാശാലകള്‍, അതിവിശിഷ്ട സ്ഥാപനങ്ങള്‍, കോളേജുകള്‍ എന്നിവയാണ് പഠനകേന്ദ്രങ്ങള്‍.

മുഴുവന്‍സമയവും പങ്കാളിത്തമുള്ള 10 ദിവസത്തെ റെസിഡന്‍ഷ്യല്‍ കോഴ്‌സാണിത്. ഗവേഷണം, ചര്‍ച്ച, സംവാദം, ലാബ്-ലൈബ്രറി പ്രവര്‍ത്തനം, ഫീല്‍ഡ് ട്രിപ്പ്, കലാസ്വാദനം, അവതരണം, വൈദഗ്ധ്യമേഖലകളില്‍ പരിശീലനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പരിപാടി. പരിശീലനം നേടിയവര്‍ക്ക് തുടര്‍ന്നുള്ള സേവനകാലയളവില്‍ അക്കാദമിക ആവശ്യത്തിനു പ്രയോജനപ്പെടുത്താവുന്ന സര്‍ട്ടിഫിക്കറ്റും നല്‍കും.

hscap.kerala.gov.in വഴി അപേക്ഷകള്‍ പ്രിന്‍സിപ്പലിനു സമര്‍പ്പിക്കണം. പ്രിന്‍സിപ്പല്‍ ഡിസംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിന് മുന്‍പായി ഡയറക്ടറേറ്റിലേക്ക് അയക്കണം.