തുടർച്ചയായി പാമ്പുകളുടെ സാന്നിധ്യം; തൃശ്ശൂരിൽ പാമ്പുകടിയേറ്റ് മരിച്ച അല്‍ജോയുടെ വീടിന്റെ തറയുടെ ഭാഗം പൊളിച്ച് പരിശോധന നടത്തുന്നു

തൃശൂര്‍ കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുന്നു. ഉറക്കത്തില്‍ പാമ്പുകടിയേറ്റു മരിച്ച കാവുങ്ങല്‍ അല്‍ജോയുടെ വീട്ടിലാണ് പരിശോധന. തുടര്‍ച്ചയായി പാമ്പുകളെ കാണുന്ന സാഹചര്യത്തിലാണ് നടപടി. ഇന്നലെയും രണ്ടു പാമ്പുകളെ വീടിനുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു. ശുചിമുറിയില്‍ നിന്നും മുറിക്കുള്ളില്‍ നിന്നുമാണ് രണ്ടു പാമ്പുകളെ കണ്ടത്.

 

തൃശൂര്‍: തൃശൂര്‍ കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന നടത്തുന്നു. ഉറക്കത്തില്‍ പാമ്പുകടിയേറ്റു മരിച്ച കാവുങ്ങല്‍ അല്‍ജോയുടെ വീട്ടിലാണ് പരിശോധന. തുടര്‍ച്ചയായി പാമ്പുകളെ കാണുന്ന സാഹചര്യത്തിലാണ് നടപടി. ഇന്നലെയും രണ്ടു പാമ്പുകളെ വീടിനുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു. ശുചിമുറിയില്‍ നിന്നും മുറിക്കുള്ളില്‍ നിന്നുമാണ് രണ്ടു പാമ്പുകളെ കണ്ടത്.

വീടിന്റെ ശുചിമുറിയുടെ പൈപ്പിന്റെ ഭാഗത്താണ് പൊളിച്ച് പരിശോധന നടത്തുന്നത്. അതുവഴിയാണ് പാമ്പ് അകത്തു കടക്കുന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ഭാഗം പൊളിക്കുന്നത്.  വനംവകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌നേക്ക് റെസ്‌ക്യൂവര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന. ഇതോടെ അഞ്ചു തവണയാണ് വീട്ടില്‍ നിന്നും ശംഖുവരയന്‍ പാമ്പുകളെ ലഭിക്കുന്നത്. നാലെണ്ണത്തെ വീടിന് അകത്തു നിന്നും ഒരെണ്ണത്തെ വീടിന് പുറത്തു നിന്നുമാണ് പിടികൂടിയത്. പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അല്‍ജോയുടെ സഹോദരന്‍ അനോഷിന്റെ (10) നില കൂടുതല്‍ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.