വടക്കൻ ജില്ലകൾക്ക് ആശ്വാസമാകും ; 400 കെ.വി ഉഡുപ്പി-കരിന്തളം ഇരട്ട സർക്യൂട്ട് അന്തർ സംസ്ഥാന പ്രസരണ ലൈൻ നിർമാണം പൂർത്തിയായി  

വടക്കൻ ജില്ലകളിലെ വൈദ്യുതി പ്രസരണ പ്രശ്നത്തിന് പരിഹാരമാകുന്ന 400 കെ.വി ഉഡുപ്പി-കരിന്തളം ഇരട്ട സർക്യൂട്ട് അന്തർ സംസ്ഥാന പ്രസരണ ലൈൻ നിർമാണം പൂർത്തിയായി. കർണാടകയിലെ ഉഡുപ്പി പവർ ഹൗസിൽനിന്ന് കാസർകോട് കരിന്തളത്തേക്ക് നിർമിച്ച ലൈൻ വെള്ളിയാഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ചാർജ് ചെയ്യും. കാസർകോട്, കണ്ണൂർ ജില്ലകളിലെയും കോഴിക്കോടിന്‍റെ വടക്കൻ മേഖലയിലെയും വൈദ്യുതി ആവശ്യകത നിവേറ്റാൻ ഇതിലൂടെ സാധിക്കും.

 

 തിരുവനന്തപുരം: വടക്കൻ ജില്ലകളിലെ വൈദ്യുതി പ്രസരണ പ്രശ്നത്തിന് പരിഹാരമാകുന്ന 400 കെ.വി ഉഡുപ്പി-കരിന്തളം ഇരട്ട സർക്യൂട്ട് അന്തർ സംസ്ഥാന പ്രസരണ ലൈൻ നിർമാണം പൂർത്തിയായി. കർണാടകയിലെ ഉഡുപ്പി പവർ ഹൗസിൽനിന്ന് കാസർകോട് കരിന്തളത്തേക്ക് നിർമിച്ച ലൈൻ വെള്ളിയാഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ചാർജ് ചെയ്യും. കാസർകോട്, കണ്ണൂർ ജില്ലകളിലെയും കോഴിക്കോടിന്‍റെ വടക്കൻ മേഖലയിലെയും വൈദ്യുതി ആവശ്യകത നിവേറ്റാൻ ഇതിലൂടെ സാധിക്കും.

ഉഡുപ്പി-കരിന്തളം ലൈൻ പൂർണമായും സജ്ജമാകുന്നതോടെ കർണാടകയിലെ ദേശീയ ഗ്രിഡിൽനിന്ന് വടക്കൻ കേരളത്തിലേക്ക് കൂടുതൽ വൈദ്യുതി എത്തിക്കാനാകും. അരീക്കോട്-കാഞ്ഞിരോട്-മൈലാട്ടി 220 കെ.വി ഇരട്ട സർക്യൂട്ട് ലൈനും കക്കയം-മുണ്ടയാട് 110 കെ.വി ലൈനും വഴിയാണ് നിലവിൽ വൈദ്യുതി എത്തിക്കുന്നത്.

കാസർകോട് ജില്ലയുടെ ആവശ്യകതയിൽ ഒരുഭാഗം കർണാടകയിൽനിന്നുള്ള 110 കെ.വി പ്രസരണ ലൈൻ വഴിയും. 900 മെഗാവാട്ട് ആവശ്യമുള്ള ഉത്തര മലബാറിൽ നിലവിലെ പ്രസരണ ശൃംഖലയിലൂടെ ഏകദേശം 600 മെഗാവാട്ട് മാത്രമേ കൈമാറാൻ കഴിയുന്നുള്ളൂ. പുതിയ ലൈൻ വരുന്നതോടെ വൈദ്യുതി കൈമാറ്റശേഷി വർധിക്കും. നിലവിലെ 220 കെ.വി ലൈനുകളിലെ അമിതഭാരം കുറയ്ക്കാനാകും.

കരിന്തളം സബ്സ്റ്റേഷനിൽനിന്ന് വിവിധ മേഖലകളിലേക്ക് വൈദ്യുതി എത്തിക്കാൻ നിർമിച്ച 220 കെ.വി മൾട്ടി സർക്യൂട്ട് പ്രസരണ ലൈനിന്റെ നിർമാണവും പൂർത്തിയായി. കാസർകോട്ടുനിന്ന് മൈലാട്ടി, കാഞ്ഞിരോട്, തളിപ്പറമ്പ്, അമ്പലത്തറ എന്നിവിടങ്ങളിലേക്ക് 220 കെ.വി പ്രസരണ ലൈനുകളും വൈദ്യുതീകരണത്തിന് സജ്ജമായി. ഇതോടെ കൂടുതൽ വൈദ്യുതി കൈമാറാൻ കഴിയും. ഈ ലൈൻ വരുന്നതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 4445 മെഗാവാട്ടിൽനിന്ന് 5105 മെഗാവാട്ടായി ഉയരും.

കരിന്തളം-വയനാട് 400 കെ.വി പ്രസരണ ലൈനിന്റെയും വയനാട് പയ്യമ്പള്ളിയിലെ 400 കെ.വി സബ്സ്റ്റേഷന്റെയും നിർമാണം കൂടി പൂർത്തിയാകുന്നതോടെ ഉത്തര കേരളത്തിലെ പ്രസരണ സംവിധാനം കൂടുതൽ ശക്തമാകും. കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ നീളുന്ന 400 കെ.വി പ്രസരണ ഹൈവേയും രൂപപ്പെടും.