കള്ളക്കടത്ത്, ഹവാല ഇടപാടുകൾ വഴി സമ്പാദിച്ച പണം ഉപയോഗിച്ച് നിർമ്മാണം ; പുതുച്ചേരിയിലെ 12.64 കോടിയുടെ ഹോട്ടൽ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കള്ളക്കടത്ത്, ഹവാല ഇടപാടുകൾ വഴി സമ്പാദിച്ച പണം ഉപയോഗിച്ച് നിർമിച്ചതെന്ന് ആരോപിക്കപ്പെടുന്ന പുതുച്ചേരിയിലെ റോയൽ പാലസ് ഹോട്ടൽ (ഇ.ഡി) കണ്ടുകെട്ടി. 12.64 കോടി രൂപ മൂല്യം കണക്കാക്കുന്ന ഹോട്ടലിനെതിരെയാണ് നടപടി.
കാരയ്ക്കൽ: കള്ളക്കടത്ത്, ഹവാല ഇടപാടുകൾ വഴി സമ്പാദിച്ച പണം ഉപയോഗിച്ച് നിർമിച്ചതെന്ന് ആരോപിക്കപ്പെടുന്ന പുതുച്ചേരിയിലെ റോയൽ പാലസ് ഹോട്ടൽ (ഇ.ഡി) കണ്ടുകെട്ടി. 12.64 കോടി രൂപ മൂല്യം കണക്കാക്കുന്ന ഹോട്ടലിനെതിരെയാണ് നടപടി.
മൗഗമാദു നിസാമുദ്ദീനും മക്കളായ മുഹമ്മദ് മുബീൻ നിസാമുദ്ദീൻ, ഷാഹിൻ ഷഫീഖ് മൗഗമാദു നിസാമുദ്ദീൻ, റാഷിൻ നിസാമുദ്ദീൻ എന്നിവരും ഉൾപ്പെട്ട കേസിലാണ് നടപടി. 2019 മുതൽ 2023 വരെ ഫ്രാൻസിൽ നടത്തിയ ഹവാല ഇടപാടുകളിലൂടെയും അനധികൃത ക്രിപ്റ്റോകറൻസി കൈമാറ്റങ്ങളിലൂടെയും ഇവർ പണം സമ്പാദിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തൽ.
വിദേശനാണ്യ നിക്ഷേപങ്ങളിലൂടെയും യു.എ.ഇയിൽനിന്ന് ഏജന്റുമാർ മുഖേന നടത്തിയ വയർ ട്രാൻസ്ഫറുകളിലൂടെയും പണം ഇന്ത്യയിലെ എൻ.ആർ.ഐ അക്കൗണ്ടുകളിലേക്ക് എത്തിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇന്ത്യയിലെയും ഫ്രാൻസിലെയും അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ പണം കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ. ഫ്രാൻസിലെ അധികൃതരിൽനിന്ന് ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 28ന് കാരയ്ക്കൽ, പുതുച്ചേരി, ചെന്നൈ എന്നിവിടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും പിടിച്ചെടുത്തു. അനധികൃത മാർഗങ്ങളിലൂടെ വിദേശരാജ്യങ്ങളിൽനിന്ന് സമ്പാദിച്ച പണം ഇന്ത്യയിലെത്തിച്ച് നിക്ഷേപിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരായ അന്വേഷണം തുടരുകയാണെന്ന് ഇ.ഡി അറിയിച്ചു.