കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് വിറ്റു ; ആരോപണവുമായി സജി ജോസഫ്
ഇത് ഒരു നാടിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
തളര്‍ന്നു പോകുന്ന കുട്ടനാടിനെ കരകയറ്റുവാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കഴിയുമെന്ന് നമ്മള്‍ വിശ്വസിച്ചു.
കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സജി ജോസഫ്. കോണ്‍ഗ്രസ് കുട്ടനാട് സീറ്റ് വിറ്റെന്നാണ് ആരോപണം. സീറ്റ് പെയ്‌മെന്റ് സീറ്റ് ആണെന്നും സാമ്പത്തിക ശക്തിക്കുവേണ്ടി നാടിനെ ബലി കൊടുക്കുകയാണ് ചെയ്തതെന്നും സജി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. കുട്ടനാടിനെ പണക്കാര്‍ക്ക് എംഎല്‍എ മോഹം സഫലമാക്കാനുള്ള ഉപഭോഗവസ്തുവാക്കി. ഇത് കുട്ടനാട് ജനത പൊറുക്കില്ല. ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ചെയ്തത്. കുട്ടനാടിനെ വില്പന ചരക്ക് ആക്കുന്നതിനോട് സന്ധിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സജി ജോസഫ് കുട്ടനാട്ടില്‍ കോണ്‍ഗ്രസ് വിമതനായേക്കും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രതിസന്ധികളുടെ നടുവില്‍ കൂടി ജീവിതം നടന്നു നീക്കുകയാണ് കുട്ടനാട്ടുകാര്‍.
തളര്‍ന്നു പോകുന്ന കുട്ടനാടിനെ കരകയറ്റുവാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കഴിയുമെന്ന് നമ്മള്‍ വിശ്വസിച്ചു.
പക്ഷെ, പണചാക്കുകളുടെ പണകിഴികള്‍ക്ക് മുന്നില്‍ കുട്ടനാടിനെ വില്‍ക്കുകയാണ് അവര്‍ ഇത്തവണയും ചെയ്തത്. കുട്ടനാടിന് വേണ്ട നീതി വാങ്ങി തരും എന്ന് പ്രതിജ്ഞ എടുത്തവര്‍ കുട്ടനാട്ടുകാര്‍ പോലുമല്ലാത്ത സാമ്പത്തിക ശക്തികളുടെ മുന്നില്‍ ഈ നാടിനെ ബലി കൊടുക്കുന്ന കാഴ്ചയാണ് യു ഡി എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ നാം കാണുന്നത്. എല്‍ ഡി എഫിലാകട്ടെ കുട്ടനാട്ടില്‍ താമസിക്കാത്ത, കുട്ടനാടിനെ അറിയാത്ത മുതലാളിയായ എം എല്‍ എയെ തന്നെ വീണ്ടും പരീക്ഷിക്കുന്നു.
കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. പേയ്മെന്റ് സീറ്റ് എന്ന രീതിയില്‍ പണക്കാര്‍ക്ക് അവരുടെ എം എല്‍ എ മോഹം സഫലമാക്കാന്‍ ഉള്ള ഒരു ഉപഭോഗ വസ്തു മാത്രമായി കുട്ടനാടിനെ കാണുന്ന യു ഡി എഫ് - എല്‍ ഡി എഫ് നേതൃത്വത്തോട് കുട്ടനാടന്‍ ജനത ഒരിക്കലും പൊറുക്കില്ല. കുട്ടനാട്ടിലെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും പട്ടിണിപാവങ്ങളുമായ ജനത , ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നു.
ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹത്തെ വെറും വിഡ്ഢികളാക്കാന്‍ രാഷ്ട്രീയപരമായി അവരുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍, അവര്‍ ഉന്നയിക്കുന്ന പരമപ്രധാനമായ ജീവല്‍പ്രശ്‌നങ്ങളെ വെറും അവജ്ഞയോടെ തള്ളുവന്‍ ആര് ശ്രമിച്ചാലും അതിനെ ഒരു കുട്ടനാട്ടുകാരന്‍ എന്ന നിലയില്‍ മരണം വരെ എതിര്‍ക്കുക തന്നെ ചെയ്യും.
ഇത് ഒരു നാടിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
എന്തായാലും കുട്ടനാടന്‍ ജനതയുടെ ആത്മാഭിമാനം വൃണപ്പെടുത്തിയ, പൊതുസമൂഹത്തില്‍ കുട്ടനാടിനെ ഒരു വില്പന ചരക്കാക്കിയ അധികാരകേന്ദ്രങ്ങളുമായി ഒരു സന്ധി ഇനിയില്ല.
കുട്ടനാടും ഈ മണ്ണും ഈ ജനതയും എന്റെ ഹൃദയത്തിലാണ്.
നിങ്ങളുടെ സ്വന്തം സജി ജോസഫ്......