‘രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ മറുപടി പറയേണ്ടത് കോൺഗ്രസാണ്, കോൺഗ്രസ് നേതാക്കൾ സ്ത്രീത്വത്തെ അപമാനിക്കുന്നു’ : ടി.പി. രാമകൃഷ്ണൻ
യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ രംഗത്തെത്തി. പരാതിയില്ലെന്ന കോൺഗ്രസിന്റെ വാദങ്ങളെ തള്ളി, യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയല്ലോ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ മറുപടി പറയേണ്ടത് കോൺഗ്രസാണ്. കോൺഗ്രസിന്റെ വികൃത മുഖമാണ് ഈ സംഭവത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സസ്പെൻഷനാണ് പ്രധാന നടപടിയെന്ന് വി.ഡി. സതീശൻ പറയുമ്പോൾ, രാഹുൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് കെ. സുധാകരന്റെ വാദം. നേതാക്കൾക്കിടയിലെ ഈ അഭിപ്രായ വ്യത്യാസം പാർട്ടിക്ക് ഏകീകൃതമായ ഒരു നിലപാടില്ല എന്ന കാര്യം വ്യക്തമാക്കുന്നതായും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് രാഹുലിന് ഒളിവിൽ പോകേണ്ടിവന്ന സാഹചര്യം അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവരെ കോൺഗ്രസ് സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ദീപാ ദാസ് മുൻഷിയടക്കമുള്ള നേതാക്കൾ പരാതിക്കാരിയെ കുറ്റം പറയുകയാണ്. ഇത് സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ്, സമൂഹം അത് തിരിച്ചറിയും. മുകേഷിന്റെ കേസുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ പൊതുജീവിതത്തിൽ നിന്ന് മാറി നിന്ന് നിരപരാധിത്വം തെളിയിക്കണം. അതിന് പ്രേരിപ്പിക്കേണ്ടത് കോൺഗ്രസാണ്, മൂല്യബോധം ഉയർത്തിപ്പിടിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.