കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമല്ല പീഡകർക്കൊപ്പമാണെന്ന് തെളിഞ്ഞു: എം. വി ജയരാജൻ
കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമല്ല പീഡകർക്കൊപ്പമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രതികരണത്തിൽ നിന്നും തെളിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. വിജയരാജൻ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു
കണ്ണൂർ : കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമല്ല പീഡകർക്കൊപ്പമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രതികരണത്തിൽ നിന്നും തെളിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. വിജയരാജൻ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അതിജീവിത കെ .പി. സി സി ക്ക് നൽകിയ പരാതിയിൽ ലീഗൽ ബ്രയിനുണ്ടെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്.
ഇതോടെ കോൺഗ്രസ് നേതാക്കളുടെ വീടുകളിലെ പെൺകുട്ടികൾക്ക് നേരെ പീഡനം നടന്നാലും നടപടിയെടുക്കാത്ത പാർട്ടിയായി കോൺഗ്രസ് മാറി കഴിഞ്ഞുവെന്ന് വ്യക്തമായി. കോൺഗ്രസ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചാണ് അതിജീവിത പരാതി നൽകിയത്. ലൈംഗിക രോഗിയായ രാഹുലിനെ സംരക്ഷിക്കാനാണ് നേതൃത്വം ശ്രമിച്ചത്. പരാതിയിൽ ഗൂഡാലോചനയുണ്ടെന്നും ഊരും പേരുമില്ലെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷൻ പറഞ്ഞത്.
സിനിമാ നടി പീഡിപ്പിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ടപ്പോഴും യുഡിഎഫ് കൺവീനർ പറഞ്ഞതും ഇതുതന്നെയാണ്. സർക്കാരും സി.പി.എമ്മും എന്നും അതിജീവിതയ്ക്കൊപ്പമാണ്. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് എം.വി ജയരാജൻ പറഞ്ഞു. പീഡകരെ സംരക്ഷിക്കുന്ന നേതാക്കൾക്കെതിരെയുള്ള വികാരം കോൺഗ്രസിൻ്റെ സാധാരണ പ്രവർത്തകർക്കുണ്ട്. അതാണ് ഇവരുടെ പ്രതികരണം തെറ്റായിപ്പോയെന്ന് പറയാൻ കാരണമെന്ന് എം.വി ജയരാജൻ പറഞ്ഞു.